ന്യൂഡൽഹി: തദ്ദേശത്തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന കോൺഗ്രസിൽ എങ്ങുമെത്താതെ പുന:സംഘടന. വിഷയത്തിൽ ചൂടേറിയ ചർച്ച മുമ്പ് നടന്നെങ്കിലും ഇത് സംബന്ധിച്ച് അനാവശ്യ വാർത്തകളും അഭ്യൂഹങ്ങളും സൃഷ്ടിക്കപ്പെടുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന നില വന്നതോടെയാണ് ചർച്ചകൾ അവസാനിപ്പിക്കാൻ ഹൈക്കമാന്റ് നിർദ്ദേശം നൽകിയത്.
പത്ത് വർഷമായി അധികാരത്തിൽ നിന്നും നിഷ്‌കാസിതരായ കോൺഗ്രസിനെയും യു.ഡി.എഫിനെയും വീണ്ടും അധികാരത്തിലെത്തിക്കുകയാണ് പ്രധാനമെന്നതാണ് നേതാക്കൾ വ്യക്തമാക്കുന്നത്.
കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും കെ.സുധാകരനെ മാറ്റുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അങ്ങനെയുണ്ടായാൽ പ്രസിഡന്റ് പദവിയിലേക്ക് എത്താൻ ഒട്ടേറെ നേതാക്കൾക്ക് ആ്രഗഹമുണ്ട്.
എന്നാൽ പ്രവർത്തനമികവിനൊപ്പം സാമുദായിക സമവാക്യങ്ങൾ കൂടി പാലിച്ച് മാത്രമാണ് എക്കാലത്തും കോണ്‍ഗ്രസ് പാര്‍ട്ടി അദ്ധ്യക്ഷ പദവിയിലേക്ക് നേതാവിനെ തിരഞ്ഞെടുത്തിട്ടുള്ളത്.
നിലവിൽ പല പേരുകളും പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും ചിലരെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് മുന്നണി വിപുലീകരണത്തിന് തടസമായേക്കാമെന്ന വാദവും ഉയർന്നു കഴിഞ്ഞു.
കേരളകോൺഗ്രസ് എമ്മിനെ യു.ഡി.എഫിലെത്തിക്കണമെന്ന ആഗ്രഹം മുന്നണി നേതൃത്വത്തിൽ പ്രകടമാണ്. അതുകൊണ്ട് തന്നെ അന്ന് അവരെ പുറത്താക്കാൻ മുൻകൈയ്യെടുത്ത ബെന്നി ബെഹനാൻ, കെ എം മാണിസാറിനെതിരായ വെളിപ്പെടുത്തലുകളിലെ അന്തർനാടകങ്ങളുടെ ഭാഗമായ അടൂർ പ്രകാശ് തുടങ്ങയവർ അദ്ധ്യക്ഷ സ്ഥാനത്തെത്തിയാൽ മുന്നണി വിപുലീകരണം തടസമാകുമെന്ന വാദവും നിലവിലുണ്ട്.
പദവിയിലേക്ക് ഉന്നം വെയ്ക്കുന്ന ആന്റോ ആന്റണിക്ക് വേണ്ടത്ര പ്രവർത്തന മികവില്ലെന്ന വാദവും ഉയർന്നിട്ടുണ്ട്. ആന്റോയുടെ കാര്യത്തിൽ സാമുദായിക പരിഗണന മാത്രം നോക്കി ചെയ്യാനാവില്ലെന്നും പാർട്ടിയിലും മുന്നണിയിലും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ ആരുമില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ആന്‍റോ ഡിസിസി അദ്ധ്യക്ഷനായിരുന്നപ്പോള്‍ കോട്ടയത്തും എംപി ആയിരിക്കുന്ന പത്തനംതിട്ടയിലും പാര്‍ട്ടിക്കുണ്ടായ അപചയ കാലഘട്ടം അദ്ദേഹത്തിന് തിരിച്ചടിയാണ്.
പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പാർട്ടിയിൽ പുന:സംഘടന നടത്തണമെന്ന വാദം നേതാക്കൾ ഉയർത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട് ചർച്ചകളും സജീവമായിരുന്നു.
എന്നാൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വ വിവാദവും കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും കെ. സുധാകരനെ മാറ്റുമെന്ന വാർത്തയും പുറത്ത് വന്നതോടെ രൂപപ്പെട്ട എതിർപ്പുകള്‍ പാർട്ടിക്ക് ദോഷം ചെയ്യുമെന്ന നില വന്നതോടെ ഹൈക്കമാന്റ് ഇടപെട്ട് താൽക്കാലികമായി ചർച്ചകൾ അവസാനിപ്പിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.
പുന:സംഘടന നടത്താതെ പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന നേതാക്കളുടെ വാദം ശക്തമായി തുടരുമ്പോഴും കെ.പി.സി.സി അഴിച്ചുപണി മന്ദീഭവിക്കുന്ന അവസ്ഥയാണുള്ളത്. ഇതിനിടെ സി.പി.എമ്മും ബി.ജെ.പിയും സംഘടനാതല അഴിച്ചു പണികൾ പൂർത്തിയാക്കി തിരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്.
മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന തദ്ദേശത്തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് കരസ്ഥമാക്കുന്ന മുന്നണിക്ക് അനുകൂലമായി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം മാറുമെന്നതും യാഥാർത്ഥ്യമാണ്.