/sathyam/media/media_files/2025/03/12/2DPFEA1zCYE7WiC2HKq0.jpg)
ന്യൂഡൽഹി: പാകിസ്ഥാനിലെ ബൊലാൻ ജില്ലയിൽ നിന്നും ജാഫർ എക്‌സ്പ്രസ് തട്ടിയെടുത്ത ബലൂചിസ്ഥാൻ ലിബറേഷൻ ആർമി അഥവാ ബി.എൽ.എ ബലൂചിസ്ഥാനിൽ സജീവമായി പ്രവർത്തിക്കുന്ന ഒരു സായുധ സംഘമാണ്.
2000-ത്തിന്റെ തുടക്കത്തിൽ പാകിസ്ഥാൻ സർക്കാരിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഒഴിവാക്കലിലൂടെയാണ് ബലൂചിസ്ഥാൻ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ബി.എൽ.എ ഉയർന്നുവന്നത്.
1973 മുതൽ 1977 വരെ സ്വതന്ത്ര ബലൂചിസ്ഥാൻ വാദമുയർത്തി നടത്തിയ പ്രവർത്തനങ്ങളുടെ പുനരുജ്ജീവനത്തിന്റെ ഭാഗമായാണ് സംഘടന രൂപീകരിക്കപ്പെട്ടത്.
ഇതുവരെ പുറത്ത് വന്ന വിവരങ്ങൾ അനുസരിച്ച് റഷ്യൻ രഹസ്യാന്വേഷണ ഏജൻസിയായ കെ.ജി.ബിയുടെ 'മിഷ', 'ശാഷ' എന്ന വിളിപ്പേരുകളുള്ള രണ്ട് ഏജന്റുമാരാണ് സംഘടനയ്ക്ക് അടിത്തറ പാകിയത് എന്ന് പറയപ്പെടുന്നു. നിലവിൽ ബഷീർ സെബ്ബ് എന്നയാളാണ് ബി.എൽ.എയുടെ തലവനായി അറിയപ്പെടുന്നത്.
ബി.എൽ.എ രൂപീകരണം
ബലൂച് സ്റ്റുഡന്റ് ഓർഗനൈസേഷൻ അഥവാ ബി.എസ്.ഒ എന്ന വിദ്യാർത്ഥി സംഘടനയെ ചുറ്റിപ്പറ്റിയാണ് ബി.എൽ.എ രൂപീകരണത്തിന് അടിത്തറയിട്ടത്. അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് യൂണിയൻ (നിലവിൽ റഷ്യ) നടത്തിയ അധിനിവേശ സമയത്തായിരുന്നു ആദ്യം സംഘടന പ്രവർത്തനം തുടങ്ങിയത്.
1973 ഫെബ്രുവരി 10ന് പാകിസ്ഥാൻ പോലീസും അർദ്ധസൈനിക വിഭാഗവും ഇറാഖി സർക്കാരിന്റെ അനുമതിയില്ലാതെ ഇസ്ലാമാബാദിലെ ഇറാഖി എംബസി റെയ്ഡ് ചെയ്തതോടെയാണ് സംഘടനയുടെ പ്രവർത്തനം പുറത്തറിഞ്ഞത്.
റെയ്ഡിനിടെ, 'വിദേശകാര്യ മന്ത്രാലയം, ബാഗ്ദാദ്' എന്ന് അടയാളപ്പെടുത്തിയ പെട്ടികളിൽ നിന്ന് ബലൂച് വിമതർക്കുള്ള ചെറിയ ആയുധങ്ങൾ, വെടിക്കോപ്പുകൾ, ഗ്രനേഡുകൾ, മറ്റ് സാധനങ്ങൾ എന്നിവയുടെ ഒരു വലിയ ശേഖരം കണ്ടെത്തിയിരുന്നു.
ഇതോടെ ഇറാഖി അംബാസഡർ ഹിക്മത് സുലൈമാനെയും മറ്റ് കോൺസുലാർ ജീവനക്കാരെയും പാക്കിസ്ഥാൻ പുറത്താക്കുകയും ചെയ്തു.
ഭീകരാക്രമണങ്ങളുടെ തുടക്കം
2004ൽ, ബലൂച് ജനതയുടെ സ്വയം നിർണ്ണയാവകാശത്തിനും ബലൂചിസ്ഥാനെ പാകിസ്ഥാനിൽ നിന്ന് വേർപെടുത്തുന്നതിനുമായി പാകിസ്ഥാനെതിരെ ബി.എൽ.എ അക്രമാസക്തമായ പോരാട്ടം ആരംഭിച്ചു, ബലൂചിസ്ഥാനിലെ ബലൂചിസ്ഥാൻ ഇതര ന്യൂനപക്ഷങ്ങൾക്കെതിരെ ഭീകരാക്രമണങ്ങൾ നടത്തിയായിരുന്നു പേരാട്ടം തുടങ്ങി വെച്ചത്.
സുരക്ഷാ ഉദ്യോഗസ്ഥരെയും പാക്കിസ്ഥാൻ പട്ടാളത്തെയും സംഘം ആവർത്തിച്ച് ആക്രമിച്ചതിനെത്തുടർന്ന് 2006 ഏപ്രിൽ 7-ന് പാകിസ്ഥാൻ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിച്ചു.
2006 ജൂലൈ 17-ന്, ബ്രിട്ടൻ ഇതംഗീകരിച്ചു. 2000-ലെ തീവ്രവാദ നിയമത്തിന്റെ അടിസ്ഥാനത്തിൽ ബി.എൽ.എയെ 'നിരോധിത ഗ്രൂപ്പായി' പട്ടികപ്പെടുത്തി. എന്നാൽ പാകിസ്ഥാന്റെ പ്രതിഷേധം വകവയ്ക്കാതെ, ബിഎൽ.എ നേതാവെന്ന് സംശയിക്കപ്പെടുന്ന ഹൈർബയർ മാരിയെ യു.കെ. അഭയാർത്ഥിയായി പ്രഖ്യാപിച്ചു.
പാക്കിസ്ഥാനും ബ്രിട്ടണും പുറമേ നിലവിൽ അമേരിക്ക, യൂറോപ്യൻ യൂണിയൻ, ഇറാൻ, ചൈന, ഐക്യരാഷ്ട്രസഭ എന്നിവർ ബി.എൽ.എയെ ഭീകരസംഘടനകളുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്.
ആക്രമണങ്ങൾ നടത്താൻ മജീദ് ബ്രിഗേഡ്, ഫത്തേസ്‌ക്വാഡ്, എസ്.ടി.ഒ.എസ്
ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ആക്രമണങ്ങളുടെ കുന്തമുന വിവിധങ്ങളായാണ് തരം തിരിച്ചിരിക്കുന്നത്. മജീദ് ബ്രിഗേഡ്, ഫത്തേ സ്‌ക്വാഡ്, സ്‌പെഷ്യൽ ടാക്റ്റിക്കൽ ഓപ്പറേഷൻസ് സ്‌ക്വാഡ്(എസ്.ടി.ഒ.എസ്) എന്നിങ്ങനെ വളരെ പ്രൊഫഷണലായാണ് സംഘങ്ങൾ പ്രവർത്തിക്കുന്നത്.
പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥർ, സർക്കാർ ഘടനകൾ, ഇൻസ്റ്റിലേഷനുകൾ എന്നിവയ്ക്കെതിരെയും പ്രത്യേകിച്ച് ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സി.പി.ഇ.സി) പ്രകാരം ചൈനീസ് ധനസഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും ആക്രമണങ്ങളുടെ ഒരു പരമ്പര തന്നെ അവർ നടത്തിയിട്ടുണ്ട്.
മജീദ് ബ്രിഗേഡ്
2011-ൽ സ്ഥാപിതമായ മജീദ് ബ്രിഗേഡ്, ബി.എൽ.എയുടെ 'പ്രത്യേക സേനാ വിഭാഗമാണ്. കൂടാതെ ചാവേർ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള ആത്മത്യാഹത്യാ സ്‌ക്വാഡുകളുടെ പ്രവർത്തനങ്ങൾ അതീവ സമർത്ഥമായി കൈകാര്യം ചെയ്യുന്നവരുമാണ്.
1974-ൽ പാക്ക് പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയെ വധിക്കാൻ ശ്രമിച്ച അബ്ദുൾ മജീദ് ബലൂച്ചിന്റെ പേരിൽ ഉത്ഭവിച്ച ഈ ബ്രിഗേഡ് നിരവധി വലിയ ആക്രമണങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ ഏജൻസികൾക്ക് വിവരമുണ്ട്.
2006 ഡിസംബർ 14 ന്, അന്നത്തെ പാക്ക് പ്രസിഡന്റ് പർവേസ് മുഷറഫ് സന്ദർശിച്ച ബലൂചിസ്ഥാനിലെ കോഹ്ലു ജില്ലയിലെ ഒരു അർദ്ധസൈനിക ക്യാമ്പിലേക്ക് ബി.എൽ.എ ആറ് റോക്കറ്റുകൾ വിക്ഷേപിച്ചു.
മുഷറഫിന്റെ ജീവന് അപകടമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും, പാകിസ്ഥാൻ സർക്കാർ ആക്രമണത്തെ അദ്ദേഹത്തിന്റെ വധശ്രമമായി മുദ്രകുത്തി വ്യാപകമായ സൈനിക നടപടി ആരംഭിക്കുകയും ചെയ്തിരുന്നു.
2018 ഓഗസ്റ്റിൽ ബലൂചിസ്ഥാനിലെ ദൽബന്ദിനിലെ ചൈനീസ് എഞ്ചിനീയർമാരെ ലക്ഷ്യം വെച്ച് ആക്രമണങ്ങൾ നടത്തി. അതേവർഷം കറാച്ചിയിലെ ചൈനീസ് കോൺസുലേറ്റിന് നേരെയും ആക്രമണം നടത്തി.
ഏറ്റവും അവസാനം 2024 ഒക്ടോബറില കറാച്ചി വിമാനത്താവളത്തിൽ ചാവേർ ആക്രമണം നടത്തുകയും രണ്ട് ചൈനീസ് പൗരന്മാരെ കൊലപ്പെടുത്തുകയും ചെയ്തു.
ഫത്തേ സ്‌ക്വാഡ്
ഫത്തേ സ്‌ക്വാഡ് പ്രധാനമായും ബലൂചിസ്ഥാനിലെ പർവതപ്രദേശങ്ങളിലാണ് പ്രവർത്തിക്കുന്നത്, പാകിസ്ഥാൻ സൈനിക പട്രോളിംഗിനെതിരെ ഗറില്ലാ യുദ്ധമാണ് അവർ നടത്തുന്നത്. സൈനിക വാഹനവ്യൂഹങ്ങളെയും ക്യാമ്പുകളെയും ലക്ഷ്യംവെച്ച് പതിയിരുന്നുള്ള ആക്രമണങ്ങളാണ് അവരുടെ പ്രവർത്തന രീതി.
2024-ൽ ഫത്തേ സ്‌ക്വാഡ് മറ്റ് ബി.എൽ.എ വിഭാഗങ്ങളുമായി സഹകരിച്ച് ബലൂചിസ്ഥാനിലെ പ്രധാന റോഡുകളിൽ നടത്തിയ ഓപ്പറേഷൻ ഹെറോഫിൽ എന്ന പേരിൽ 14 ഉപരോധങ്ങൾ സംഘടിപ്പിക്കുകയും 62 പാകിസ്ഥാൻ സൈനികരെ വധിക്കുകയും ചെയ്തു.
സ്‌പെഷ്യൽ ടാക്റ്റിക്കൽ ഓപ്പറേഷൻസ് സ്‌ക്വാഡ് (എസ്.ടി.ഒ.എസ്)
ബി.എൽ.എയുടെ ഉന്നത സേനാവിഭാഗമാണ് എസ്.ടി.ഒ.എസ്, രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുന്നതിലും ചാരവൃത്തി നടത്തുന്നതിലും കൊലപാതകങ്ങൾ നടത്തുന്നതിലും അവർ അതിവിദഗ്ദ്ധരാണ്.
ബഷീർ സെബ് ബലൂച്ചിന്റെ നേതൃത്വത്തിൽ, പാകിസ്ഥാൻ ആർമി ഓഫീസർമാരെയും അവരുടെ പ്രാദേശിക സഹകാരികളെയും കണ്ടെത്തി കൊലപ്പെടുത്തുന്നതിൽ എസ്.ടി.ഒ.എസിനുള്ള നിർണായക പങ്കാണ് അവരെ കുപ്രസിദ്ധിയിലേക്ക് നയിച്ചത്.
ബലൂച് പ്രദേശത്തെ പാകിസ്ഥാൻ സൈനിക പദ്ധതികളെ പാളം തെറ്റിക്കുകയും ഉയർന്ന മൂല്യമുള്ള ലക്ഷ്യങ്ങളെ കൃത്യതയോടെ ഭേദിച്ച് ആക്രമണം നടത്തുകയും ചെയ്യുമെന്നതാണ് ഇവരുടെ പ്രവർത്തനങ്ങളുടെ സവിശേഷത.