ഡല്‍ഹി: കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കേരള ഹൗസിലെത്തി സിപിഎം പിബി അംഗംകൂടിയായ കേരള മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്നു; ഒന്നിച്ച് പ്രഭാത ഭക്ഷണം കഴിച്ച് ചര്‍ച്ച നടത്തി പിരിയുന്നു.
ചര്‍ച്ചയ്ക്ക് 'മധ്യസ്ഥരായത്' സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറും കേരള സര്‍ക്കാരിന്‍റെ ഡല്‍ഹിയിലെ പ്രതിനിധി കെ.വി തോമസും.
സംസ്ഥാനത്തെ രാഷ്ട്രീയം അറിയുന്ന നിരീക്ഷകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയ തകര്‍പ്പന്‍ രാഷ്ട്രീയ നീക്കമായിരുന്നു പിണറായി വിജയന്‍ ഇന്ന് ഡല്‍ഹിയില്‍ നടത്തിയത്.
എല്ലാത്തിനും ചുക്കാന്‍ പിടിച്ചത്, 'എന്തിനിത്രയധികം വാരിക്കോരികൊടുക്കുന്നുവെന്ന' പരിഹാസം കേട്ട കെ.വി തോമസും. തോമസ് മാഷിന്‍റെ ദൗത്യമെന്തെന്ന് ഇപ്പോഴെങ്കിലും ചിലര്‍ക്കെല്ലാം മനസിലായികാണും.
ഇല്ലെങ്കില്‍ കേരളത്തോടുള്ള കേന്ദ്രത്തിന്‍റെ തൊട്ടുകൂടായ്മകള്‍ പതിയെ.. പതിയെ മാറിത്തുടങ്ങുമ്പൊഴെങ്കിലും മനസിലായിക്കൊള്ളും; ബാക്കി, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മനസിലാകും.
മുഖ്യമന്ത്രി - കേന്ദ്രമന്ത്രി കൂടിക്കാഴ്ച ആഴ്ചകള്‍ക്കു മുന്‍പേ തീരുമാനിക്കപ്പെട്ടതായിരുന്നെന്നാണ് ലഭ്യമാകുന്ന വിവരം.
മുഖ്യമന്ത്രിയുടെ ക്ഷണപ്രകാരമായിരുന്നു കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കേരള ഹൗസിലെത്തിയത്. ഗവര്‍ണര്‍ ആര്‍.വി ആര്‍ലേക്കര്‍ ചര്‍ച്ചയില്‍ ഭാഗഭാക്കായതും യാദൃശ്ചികമല്ല.
സിപിഎം സംസ്ഥാന സമ്മേളനങ്ങള്‍ അവസാനിച്ച് പാര്‍ട്ടിയില്‍ സര്‍വ്വാധിപത്യം ഉറപ്പിച്ചശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ഡല്‍ഹിയാത്ര.
പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു യാത്രയെങ്കിലും അതിനൊപ്പം തന്നെ ഈ കൂടിക്കാഴ്ചയും നിശ്ചയിക്കപ്പെട്ടിരുന്നു.
സംസ്ഥാന രാഷ്ട്രീയത്തില്‍ വരും മാസങ്ങളില്‍ വന്‍ അലയൊലികള്‍ ഉയര്‍ത്താന്‍ പോന്നത്ര ശക്തമായിരുന്നു ഇന്നത്തെ കൂടിക്കാഴ്ച എന്നാണ് റിപ്പോര്‍ട്ട്.