ഡല്‍ഹിയില്‍ ഓശാന ഞായര്‍ ദിനത്തില്‍ നഗരത്തിലൂടെ കുരിശിന്റെ വഴിക്ക് പതിറ്റാണ്ടുകളുടെ പഴക്കം ! കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ചത് അസ്വാഭാവികമെന്ന് സംശയം. രാജ്യ തലസ്ഥാനത്തെ വിശ്വാസ വിലക്കില്‍ പ്രതിഷേധം ശക്തം

ക്രൈസ്തവര്‍ വര്‍ഷത്തില്‍ തെരുവുകള്‍ നിശ്ചലമാക്കുന്ന ഒരു ആഘോഷവും നടത്താറില്ല. കുരിശിന്റെ വഴി തെരുവിലൂടെയാണെങ്കിലും അതില്‍ ഒരിക്കലും അക്രമത്തിന്റെയോ ആക്രോശത്തിന്റെയോ ഭാഷയില്ല.

New Update
kurishinte vazhi delhi
Listen to this article
0.75x 1x 1.5x
00:00 / 00:00

ഡല്‍ഹി: അതിരുപതയുടെ നേതൃത്വത്തില്‍ ഓശാന ഞായറാഴ്ച നടത്താറുണ്ടായിരുന്ന കുരിശിന്റെ വഴിക്ക് പോലീസ് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധം ശക്തം.

Advertisment

പ്രത്യേക കാരണങ്ങള്‍ ഒന്നുമില്ലാതെയാണ് കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ചത്. ഡല്‍ഹി പോലീസിന്റെ നടപടി ജനാധിപത്യ വിരുദ്ധവും മതസ്വാതന്ത്ര്യത്തില്‍മേലുള്ള കടന്നു കയറ്റവുമാണെന്ന് വിശ്വാസ സമൂഹം ആരോപിക്കുന്നു.


എല്ലാവര്‍ഷവും ഓശാന ഞായറാഴ്ച ഡല്‍ഹി അതിരൂപതയുടെ നേതൃത്വത്തില്‍ ഓള്‍ഡ് ഡല്‍ഹിയിലെ സെന്റ് മേരീസ് പള്ളിയില്‍നിന്ന് ആരംഭിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ കടന്ന് സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ അവസാനിക്കുന്ന തരത്തില്‍ ദൃശ്യാവിഷ്‌കാരത്തോടെ കുരിശിന്റെ വഴി നടത്താറുണ്ട്. വര്‍ഷങ്ങളായി നടത്തുന്ന കുരിശിന്റെ വഴിക്കാണ് ഇത്തവണ അനുമതി നല്‍കാതെ ഇരുന്നത്. 

ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടുമുതല്‍ 6.30 വരെ നഗരം ചുറ്റിയുള്ള കുരിശിന്റെ വഴി നടത്താനായിരുന്നു വിശ്വാസികളുടെ തീരുമാനം. എന്നാല്‍ പോലീസ് ഇടപെട്ടതിനെ ത്തുടര്‍ന്ന് ഉച്ചകഴിഞ്ഞു 3.30ന് ആരംഭിച്ച് 4.30ന് കത്തീഡ്രലിനു സമീപമുള്ള സെന്റ് കൊളംബസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ കുരിശിന്റെ വഴി പൂര്‍ത്തിയാക്കി.


സുരക്ഷാ കാരണവും ഗതാഗതക്കുരുക്കുമൊക്കെയാണ് കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ചതിന് കാരണമായി പലരും പറയുന്നത്. പക്ഷേ വര്‍ഷങ്ങളായി നടത്തിവരുന്ന കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ചതില്‍ ഇതൊന്നും മതിയായ കാരണമല്ല.


ക്രൈസ്തവര്‍ വര്‍ഷത്തില്‍ തെരുവുകള്‍ നിശ്ചലമാക്കുന്ന ഒരു ആഘോഷവും നടത്താറില്ല. കുരിശിന്റെ വഴി തെരുവിലൂടെയാണെങ്കിലും അതില്‍ ഒരിക്കലും അക്രമത്തിന്റെയോ ആക്രോശത്തിന്റെയോ ഭാഷയില്ല.

ഈ സാഹചര്യത്തില്‍ എങ്ങനെയാണ് സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നതെന്ന ചോദ്യം പ്രസക്തമാണ്. ഇതോടെ മതപരമായ ആചാരങ്ങള്‍ക്ക് ഇടം നല്‍കേണ്ടെന്ന തീരുമാനം ഭരണകൂടം എടുക്കുന്നുവെന്ന ആക്ഷേപത്തിന് ശക്തിപകരുകയാണ്. 

എല്ലാ മതങ്ങള്‍ക്കും ഇടം നല്‍കേണ്ടത് ഒരു മതേതര രാജ്യത്തിന്റെ ഉത്തരവാദിത്വമാണ്. ഇതിന് ഭരണകൂടങ്ങള്‍ തന്നെ തടസ്സം നിന്നാല്‍ അത് ഭരണാധികാരികള്‍ക്ക് ഭൂഷണമല്ലെന്നും വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.