നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവച്ചതിൽ ആശ്വാസം അറിയിച്ച് ഭാരത കത്തോലിക്ക മെത്രാൻ സമിതി

New Update
cbci

ഡല്‍ഹി: ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സിബിസിഐ) പ്രസിഡന്റായ ആർച്ച് ബിഷപ്പ് ആൻഡ്രൂ താഴത്ത് യെമനിൽ മരണശിക്ഷ വിധിക്കപ്പെട്ട ഇന്ത്യൻ നഴ്‌സായ നിമിഷ പ്രിയയുടെ വധശിക്ഷയുടെ തീയതി നീട്ടി നൽകിയതിൽ  സന്തോഷവും ആശ്വാസവും പ്രകടിപ്പിച്ചു.

Advertisment

തന്റെ പ്രസ്താവനയിൽ, യെമൻ സർക്കാരുമായും നിമിഷ പ്രിയയുടെ കുടുംബവുമായി തുടർച്ചയായ ഇടപെടലുകളും സംഭാഷണങ്ങളും നടത്തിയ ഇന്ത്യയിലെയും വിദേശങ്ങളിലെയും വ്യക്തികളെയും സംഘടനകളെയും മതനേതാക്കളെയും ഭരണകൂടങ്ങളേയും അഭിനന്ദിച്ചു.  

അവരുടെ അക്ഷീണമായ മാനവീകതയിൽ ഊന്നിയ ശ്രമങ്ങളാണ് ഈ ഗുരുതരമായ സാഹചര്യത്തിൽ കൂടുതൽ സമയം നേടാനും, അതിലൂടെ പ്രതീക്ഷയുടെ പുതിയ കിരണം തെളിയിക്കാനും സഹായിച്ചത്.

ഭാരത കത്തോലിക്ക മെത്രാൻ സമിതി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. മാത്യു കോയിക്കലും അഡ്വ ദീപ ജോസഫ് നിമിഷ പ്രിയയുടെ കാര്യങ്ങൾ വത്തിക്കാൻ പ്രതിനിധിയുമായി ചർച്ച നടത്തിയതിന്റെ വെളിച്ചത്തിൽ ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച് ബിഷപ്പ് ലിപ്പോൾഡോ ജിറെല്ലി യുടെ അഭ്യർത്ഥന മാനിച്ചു വത്തിക്കാൻ സെക്രട്ടേറിയറ്റ് ഓഫ് സ്റ്റേറ്റ് ഇടപെട്ടതിനും മറ്റ് രാജ്യങ്ങളുമായും നയതന്ത്ര ശ്രമങ്ങൾ നടത്തിയതിനെയും ആർച്ചു ബിഷപ്പ് അഭിനന്ദിച്ചു, തുടർന്നും ഇത്തരം നടപടികൾ ശക്തിപ്പെടുത്തുമെന്നും ആർച്ച് ബിഷപ്പ് ആൻഡ്രൂസ് ആറിയിച്ചു.

നിരന്തര സംഭാഷണത്തിലൂടെയും അന്താരാഷ്ട്ര സഹകരണത്തിലൂടെയും നിമിഷ പ്രിയയുടെ ജീവൻ സംരക്ഷിക്കുകയും, അവസാനം അവർക്ക് സ്വാതന്ത്ര്യം ലഭിക്കാനുമുള്ള പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

ഇന്ത്യയിലെ കത്തോലിക്കാ സഭ മനുഷ്യജീവിതത്തിന്റെ മൂല്യത്തെ ആവർത്തിച്ച് ഉറപ്പുനൽകുന്നതായും, ഈ വിഷയത്തിൽ കരുണയോടെ നീതിക്ക് വേണ്ടി പ്രാർത്ഥനയും പിന്തുണയും തുടരുമെന്നും ഭാരത കത്തോലിക്ക മെത്രാൻ സമിതി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. മാത്യു കോയിക്കൽ പ്രസ്താവനയിൽ വ്യക്തമാക്കി.

Advertisment