ഡൽഹി: സെൻട്രൽ ഡൽഹിയിലെ യുപിഎസ്‌സി കോച്ചിങ് സെന്റെറിലുണ്ടായ വെള്ളപ്പൊക്കത്തിൽ മൂന്ന് പേർ മരിക്കാനിടയായ സംഭവത്തിൽ അഞ്ച് പേർ കൂടി അറസ്റ്റിൽ. കെട്ടിടത്തിന്റെ ഉടമയുൾപ്പടെ അഞ്ചുപേരാണ് തിങ്കളാഴ്ച അറസ്റ്റിലായത്.
ഞായറാഴ്ച റാവൂസ് പരിശീലന കേന്ദ്രത്തിന്റെ സിഇഒ, കോ-ഓർഡിനേറ്റർ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
അപകടത്തിന് പിന്നാലെ കെട്ടിടങ്ങളുടെ സുരക്ഷാസംവിധാനങ്ങൾ സംബന്ധിച്ചുള്ള പരിശോധന ഡൽഹി മുൻസിപ്പാലിറ്റി കർശനമാക്കി.
തിങ്കളാഴ്ച പരിശോധനയിൽ ഓൾഡ് രജിന്ദ്രർ നഗറിൽ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ പ്രവർത്തിക്കുന്ന 13 കോച്ചിങ് സെന്റെറുകൾ നഗരസഭ പൂട്ടിച്ചു.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അനധികൃതമായി പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡൽഹി മേയർ ഷെല്ലി ഒബ്‌റോയ് പറഞ്ഞു.
അതേസമയം, അപകടത്തിൽ മരിച്ച മലയാളി യുവാവ് നവീൻ ഡാർവിന്റെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും.ജെൻയുവിലെ ഗവേഷണ വിദ്യാർഥിയായ ഡാർവിൻ എറണാകുളം കാലടി സ്വദേശിയാണ്.
തെലുങ്കാന സ്വദേശിനി ടാനിയ സോണി, ഉത്തർപ്രദേശ് സ്വദേശിനി ശ്രേയ യാദവ് എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് രണ്ടുപേർ.