ഡല്‍ഹി: രാജ്യതലസ്ഥാനത്തെ ജലക്ഷാമത്തെക്കുറിച്ച് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേനയെ അറിയിക്കാന്‍ അടിയന്തര യോഗത്തിന് സമയം തേടി മന്ത്രി അതിഷി.
മുനക് കനാലില്‍ നിന്ന് ഹരിയാന വിട്ടുനല്‍കുന്ന വെള്ളം അപര്യാപതമാണെന്ന് അറിയിക്കാന്‍ അടിയന്തര യോഗത്തിന് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറോട് സമയം തേടിയതായി അതിഷി എക്‌സില്‍ കുറിച്ചു.
മുനക് കനാലില്‍ നിന്ന് സിഎല്‍സി, ഡിഎസ്ബി ഉപകനാലുകള്‍ വഴി 1050 ക്യുസെക്സ് വെള്ളമാണ് ഡല്‍ഹിക്ക് ലഭിക്കേണ്ടത്. എന്നാല്‍, ഇത് 840 ക്യുസെക്‌സായി കുറഞ്ഞു.
7 ജലശുദ്ധീകരണ പ്ലാന്റുകള്‍ ഈ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ഇന്ന് വെള്ളത്തിന്റെ അളവ് വര്‍ധിച്ചില്ലെങ്കില്‍ 1-2 ദിവസത്തിനുള്ളില്‍ ഡല്‍ഹിയിലെ ജലക്ഷാമം കൂടുതല്‍ വഷളാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.