ബാലിക പീഡനം: പ്രതിയെ 20 വർഷം കഠിന തടവിന് ശിക്ഷിച്ചു ദില്ലി സെഷൻസ് കോടതി

11 വയസ്സായ ബാലികയെ പീഡനത്തിനിരയാക്കിയ പ്രതിയെ സക്കേത് ജില്ലാ സെഷൻസ് കോടതി 20 വർഷം കഠിന തടവിനും 25,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു

New Update
court order1

representational image

ന്യൂഡൽഹി: 11 വയസ്സായ ബാലികയെ പീഡനത്തിനിരയാക്കിയ പ്രതിയെ സക്കേത് ജില്ലാ സെഷൻസ് കോടതി 20 വർഷം കഠിന തടവിനും 25,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു.

Advertisment

ഉത്തർപ്രദേശ്, ഫറൂഖാബാദ് സ്വദേശി അമിത്തിനെയാണ്  (24) പ്രത്യേക പോക്‌സോ കോടതി ജഡ്ജി അനു അഗർവാൾ  ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം  അധിക തടവനുഭവിക്കണം.

2022 മെയ് 23 നായിരുന്നു കേസിന് ആസ്പദമായ സംഭവം. കുട്ടിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന പ്രതി രാത്രി സ്വന്തം വീട്ടിൽ ഉറങ്ങുകയായിരുന്ന കുട്ടിയെ, വീട്ടിലേക്ക് അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു.

പ്രതിയെ പേടിച്ച് കുട്ടി ഒച്ച ഉണ്ടാക്കിയപ്പോൾ മുകളിലെ നിലയിൽ ഉറങ്ങുകയായിരുന്ന കുട്ടിയുടെ സഹോദരൻ താഴെ വന്ന് ബലമായി പ്രതിയെ പിടിച്ചു മാറ്റി.  ഈ സമയത്ത് കുട്ടിയുടെ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ പീഡനം, ഭവന ഭേദനം,പോക്സോ നിയമത്തിലെ വകുപ്പുകൾ പ്രകാരം, ദില്ലിയിലെ ജയിട്പുർ പോലീസ് സ്റ്റേഷനിൽ ആണ് പ്രതിക്കെതിരെ എഫ് ഐ ആർ  രജിസ്റ്റർ ചെയ്തത്.

പ്രതിയുടെ പ്രായം പരിഗണിച്ച്  ചെറിയ ശിക്ഷ നൽകണമെന്ന് പ്രതിഭാഗം കോടതിയോട് അപേക്ഷിച്ചു. എന്നാൽ പ്രതിയുടെ കുറ്റകൃത്യം ഇരയിൽ ഉണ്ടാക്കിയ മാനസിക ആഘാതം കണക്കിലെടുത്താൽ പ്രതി യാതൊരു ദാക്ഷിണ്യവും അർഹിക്കുന്നില്ല എന്നും പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകണമെന്നും, ഇരക്കുവേണ്ടി വേണ്ടി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അരുൺ കെ വി വാദിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നേല്‍

Advertisment