/sathyam/media/media_files/RiisFOIsoNfQCLBke7Ez.jpg)
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. ഡൽഹിയിലെ രമേഷ് നഗറിൽ നിന്ന് 2,000 കോടി രൂപ വിലമതിക്കുന്ന 200 കിലോഗ്രാം കൊക്കെയ്ൻ ഡൽഹി പൊലീസ് പിടികൂടി.
രമേഷ് നഗർ ഗോഡൗണിൽ മയക്കുമരുന്ന് സൂക്ഷിച്ച ആൾ യുകെ പൗരനാണെന്നും കൊക്കെയ്ൻ അവിടെ വച്ച ശേഷം ഒളിവിൽ പോയതായും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
മഹിപാൽപൂരിൽ 5,000 കോടി രൂപയുടെ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ എഖ്‌ലാഖിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ഈ യുകെ പൗരനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചതെന്ന് സ്‌പെഷ്യൽ സെൽ വൃത്തങ്ങൾ അറിയിച്ചു.
കൊക്കെയ്ൻ കടത്താൻ ഉപയോഗിച്ച കാറിൽ ജിപിഎസ് ഘടിപ്പിച്ചിരുന്നു. ജിപിഎസ് ലൊക്കേഷന്‍ ട്രാക്ക് ചെയ്താണ് പൊലീസ് സ്ഥലത്തെത്തിയത്.
തെക്കുപടിഞ്ഞാറൻ ഡൽഹിയിൽ നിന്ന് 5,000 കോടി രൂപ വിലമതിക്കുന്ന നൂറുകണക്കിന് കിലോഗ്രാം കൊളംബിയൻ കൊക്കെയ്ൻ നേരത്തെ കണ്ടെടുത്തിരുന്നു. ഈ രണ്ട് സംഭവങ്ങള്‍ക്കും തമ്മില്‍ ബന്ധമുണ്ടെന്നാണ് അനുമാനം.
പടിഞ്ഞാറൻ ഡൽഹിയിലെ രമേഷ് നഗർ മേഖലയിൽ ഇപ്പോൾ റെയ്ഡ് തുടരുകയാണെന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
സമീപകാലത്തെ ഏറ്റവും വലിയ കൊക്കെയ്ൻ വേട്ട
ഈ മാസം ആദ്യം, ഡൽഹി പൊലീസ് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ പിടികൂടുകയും മഹിപാൽപൂരിൽ 602 കിലോയിലധികം കൊക്കെയ്ൻ പിടികൂടുകയും ചെയ്തു. ഇതിന് രാജ്യാന്തര വിപണിയിൽ 6,500 കോടി രൂപ വിലമതിക്കും.
സമീപകാലത്തെ ഏറ്റവും വലിയ കൊക്കെയ്ൻ വേട്ടയാണ് ഇതെന്ന് പൊലീസ് സ്‌പെഷ്യൽ സെൽ അഡീഷണൽ കമ്മീഷണർ പ്രമോദ് സിംഗ് കുശ്‌വാഹ പറഞ്ഞു.
ഡൽഹി സ്വദേശികളായ തുഷാർ ഗോയൽ (40), ഹിമാൻഷു കുമാർ (27), ഔറംഗസേബ് സിദ്ദിഖി (23), മുംബൈ സ്വദേശി ഭരത് കുമാർ ജെയിൻ (48) എന്നിവരാണ് അറസ്റ്റിലായത്.
തുഷാർ ഗോയൽ, ഹിമാൻഷു, ഔറംഗസേബ് എന്നിവരുടെ പക്കൽ നിന്ന് 15 കിലോ കൊക്കെയ്ൻ കണ്ടെടുത്തു. റിസീവറിന് വിതരണം ചെയ്യുന്നതിനായി മഹിപാൽപൂർ എക്സ്റ്റൻഷനിലെ ഗോഡൗണിൽ നിന്ന് പുറത്തേക്ക് വരുമ്പോഴാണ് ഇവരെ പിടികൂടിയത്.
ലാറ്റിനമേരിക്കൻ രാജ്യങ്ങളായ കൊളംബിയ, പെറു, ബൊളീവിയ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്ന് കൊക്കെയ്ൻ കടത്തുകയും ഡൽഹിയിലെയും മുംബൈയിലെയും കോളേജ് വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും വിതരണം ചെയ്തു വരികയുമായിരുന്നു.
മയക്കുമരുന്ന് വാങ്ങാൻ പ്രതികൾ പ്രാഥമികമായി ക്രിപ്‌റ്റോകറൻസി ഉപയോഗിച്ചുവെന്നും പിന്നീട് അവർ ഇന്ത്യയിലുടനീളമുള്ള വിവിധ പ്രദേശങ്ങളിൽ വിറ്റഴിച്ചുവെന്നും കുശ്‌വാഹ കൂട്ടിച്ചേർത്തു.
അറസ്റ്റിലായ നാല് പേർക്കൊപ്പം മറ്റ് നാല് പേരെയും ചോദ്യം ചെയ്തു വരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us