ഡിജിറ്റല്‍ തട്ടിപ്പിനിരയായെന്ന് യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ കൂറിലോസ്; തട്ടിയത് 15 ലക്ഷത്തിലധികം

ഗീവർഗീസ് കൂറിലോസിന്‍റെ പേരില്‍ മുംബൈയില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും അതുവഴി കള്ളപ്പണ ഇടപാട് നടന്നെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വീഡിയോ കോള്‍ ചെയ്‌ത തട്ടിപ്പുസംഘം ഗീവർഗീസ് മാർ കൂറിലോസ് വെർച്വല്‍ അറസ്റ്റില്‍ ആണെന്ന് അറിയിച്ചു.

New Update
 Digital Fraud Kerala

പത്തനംതിട്ട: ഡിജിറ്റല്‍ തട്ടിപ്പിനിരയായെന്ന് യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ കൂറിലോസ്. 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പത്തനംതിട്ട കീഴ്വായ്‌പൂർ പൊലീസ് കേസെടുത്തു.

Advertisment

മുംബൈ സൈബർ വിഭാഗം, സിബിഐ എന്നീ ഏജൻസികളില്‍ നിന്നാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

ഗീവർഗീസ് കൂറിലോസിന്‍റെ പേരില്‍ മുംബൈയില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും അതുവഴി കള്ളപ്പണ ഇടപാട് നടന്നെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വീഡിയോ കോള്‍ ചെയ്‌ത തട്ടിപ്പുസംഘം ഗീവർഗീസ് മാർ കൂറിലോസ് വെർച്വല്‍ അറസ്റ്റില്‍ ആണെന്ന് അറിയിച്ചു.

തട്ടിപ്പ് സംഘം ചില വ്യാജ രേഖകള്‍ കാണിക്കുകയും ഓണ്‍ലൈൻ വഴി ഓഗസ്റ്റ് രണ്ടിന് ജുഡീഷ്യല്‍ വിചാരണ നടത്തുകയും ചെയ്‌തു.

കേസില്‍ നിന്ന് ഒഴിവാക്കണമെങ്കില്‍ പിഴ അടക്കാനും ആവശ്യപ്പെട്ടു. ഇതിനായി തട്ടിപ്പുസംഘം അവരുടെ സ്വകാര്യ ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കി.

സ്വന്തം അക്കൗണ്ടില്‍ നിന്നും സുഹൃത്തിന്‍റെ അക്കൗണ്ടില്‍ നിന്നുമായി 15,01,186 രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഴ്‌ചകൾക്ക് മുൻപ് ജില്ല പൊലീസ് മേധാവി വാർത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു. 

Advertisment