/sathyam/media/media_files/KlEkN2yr3GuqRv3bYPrV.jpg)
ന്യൂഡൽഹി : ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപ പ്രദേശത്ത് വെച്ച് നിരപരാധികളായ സാക്കീർ ഹുസൈൻ ഡൽഹി കോളേജ് ഒന്നാം വർഷ വിദ്യാർത്ഥികളായ ഐ ടി അശ്വന്ത്, കെ സുധിൻ എന്നിവരെ ഒരു കൂട്ടം പ്രാദേശിക ഗുണ്ടകൾ കള്ളക്കേസിൽ കുടുക്കുകയും ക്രൂരമായി മർദ്ദിക്കുകയും,
സംരക്ഷണം നൽകേണ്ട പോലീസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറുകയും പീഡിപ്പിക്കുകയും ചെയ്ത ഗുരുതരവും അസ്വസ്ഥതയുളവാക്കുന്നതുമായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഡൽഹി മലയാളി അസോസിയേഷൻ നിവേദനം നൽകി.
ചെങ്കോട്ടയുടെ പരിസരപ്രദേശത്ത് പ്രാദേശിക ഗുണ്ടകൾ മർദിക്കുകയും വിദ്യാർത്ഥികളുടെ മൊബൈൽ ഫോണും റിസ്റ്റ് വാച്ചും തട്ടിയെടുക്കുകയും ചെയ്തിട്ടും പോലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ കടമ നിർവഹിക്കുന്നതിനുപകരം, ഈ കുട്ടികളെ അപമാനിക്കുകയും ചെയ്തു.
സത്യപ്രകാശ്, രവിരംഗ എന്നീ പോലീസ് ഉദ്യോഗസ്ഥർ ഇവർക്കെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കുന്നതിൽ പരാജയപ്പെടുകയും വിദ്യാർത്ഥികളെ ക്രൂരമായി ലാത്തികൊണ്ട് അടിക്കുകയും രണ്ട് മണിക്കൂറിലധികം ശാരീരികവും മാനസികവുമായി പീഡിപപ്പിക്കുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക, കേസിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുക, വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുകൾ കൂടാതെ പഠനം തുടരാൻ ആവശ്യമായ പിന്തുണ നൽകുക, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഡിഎംഎ ആവശ്യപ്പെട്ടിരിക്കുന്നത്.
ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ്, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവർ ഒപ്പിട്ടിരിക്കുന്ന നിവേദനത്തിന്റെ പകർപ്പ് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌തക്കും, ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യനും, ടൂറിസം സഹമന്ത്രി സുരേഷ് ഗോപിക്കും അയച്ചിട്ടുണ്ട്.