ജയിൽ അധികൃതരുടെ അനാസ്ഥ എൻ്റെ ആരോഗ്യത്തെ ബാധിച്ചു, ആറ് മുതല്‍ ഏഴ് കിലോഗ്രാം വരെ ഭാരം കുറഞ്ഞു; ഇടക്കാല ജാമ്യം ലഭിച്ചതിന് ശേഷവും ആരോഗ്യം വീണ്ടെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല: അരവിന്ദ് കെജ്രിവാൾ

തന്റെ ആരോഗ്യപരമായ സങ്കീര്‍ണതകളും അപകടസാധ്യത സൂചികകളും കണക്കിലെടുത്ത് ജയിലില്‍ പോകുന്നതിന് മുമ്പ് ആവശ്യമായ മുഴുവന്‍ ശരീര പരിശോധനകളും ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

New Update
kejriwal Untitled..90.jpg

ഡല്‍ഹി: മെഡിക്കല്‍ സംബന്ധമായ കാരണങ്ങളാല്‍ മദ്യനയ അഴിമതിക്കേസിലെ ഇടക്കാല ജാമ്യം ഏഴ് ദിവസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചു. ജയില്‍ അധികൃതരുടെ അശ്രദ്ധ മൂലം കസ്റ്റഡിയിലിരിക്കവെ താന്‍ ആരോഗ്യ സംബന്ധമായ നിരവധി സങ്കീര്‍ണതകള്‍ അനുഭവിച്ചതായി കെജ്രിവാള്‍ തന്റെ അപേക്ഷയില്‍ പറയുന്നു.

Advertisment

തന്റെ ഇടക്കാല ജാമ്യം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാത്രമാണ് വിനിയോഗിച്ചതെന്നും വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഡല്‍ഹിക്കകത്തും ഇന്ത്യയിലുടനീളവും പരക്കെ സഞ്ചരിക്കേണ്ടി വന്നിട്ടുണ്ടെന്നും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ ചൂണ്ടിക്കാട്ടി.

നിരവധി ആരോഗ്യ സംബന്ധിയായ സങ്കീര്‍ണതകള്‍ ഉള്ളതുമൂലം പ്രശസ്ത ആശുപത്രിയിലെ മുതിര്‍ന്ന ഫിസിഷ്യനെക്കൊണ്ട് തന്റെ വീട്ടില്‍ ആരോഗ്യ പരിശോധന നടത്താന്‍ മാത്രമേ തനിക്ക് സമയമുള്ളൂവെന്നും അദ്ദേഹം ഹര്‍ജിയില്‍ അവകാശപ്പെട്ടു.

തന്റെ ആരോഗ്യപരമായ സങ്കീര്‍ണതകളും അപകടസാധ്യത സൂചികകളും കണക്കിലെടുത്ത് ജയിലില്‍ പോകുന്നതിന് മുമ്പ് ആവശ്യമായ മുഴുവന്‍ ശരീര പരിശോധനകളും ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

ഡല്‍ഹി മുഖ്യമന്ത്രിക്ക് ആറ് മുതല്‍ ഏഴ് കിലോഗ്രാം വരെ ഭാരം കുറഞ്ഞിട്ടുണ്ടെന്നും ഇടക്കാല ജാമ്യം ലഭിച്ചതിന് ശേഷവും ആരോഗ്യം വീണ്ടെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. തലകറക്കം, അമിതമായ ഹൃദയമിടിപ്പ് എന്നിവയും അനുഭവിക്കാന്‍ തുടങ്ങിയെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.

കെജ്രിവാളിന് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അസാധാരണമാംവിധം ഉയരുകയും മൂത്രത്തില്‍ കെറ്റോണിന്റെ ഉയര്‍ന്ന അളവും ഉണ്ടായിട്ടുണ്ടെന്ന് സമീപകാല പരിശോധനാ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിച്ചതിന് പുറമേ വൃക്ക സംബന്ധമായ സങ്കീര്‍ണതകളും അനുഭവപ്പെടുന്നുണ്ടെന്നും കെജ്രിവാളിന്റെ അപേക്ഷയില്‍ പറയുന്നു.

Advertisment