/sathyam/media/media_files/e0nuLbTralpXZgh4yHO4.jpg)
ഹൈദരാബാദ് : കാര്‍ഗിലിന്‍റെ ജ്വലിക്കുന്ന ഓര്‍മ്മ ഇന്ന് കാൽനൂറ്റാണ്ട് പിന്നിടുന്നു. ഇന്ത്യന്‍ സൈന്യത്തിന്‍റെ അസാധാരണ ധീരതയുടെ അടയാളമായി കാർഗിൽ അടയാളപ്പെടുത്തിയിരിക്കുന്നു. രാജ്യം നേരിടേണ്ടി വന്ന അപകടഭീഷണിയെ ചെറുത്ത് തോൽപ്പിച്ച വിജയഭേരി മുഴങ്ങിയിട്ട് ഇന്ന് കാൽ നൂറ്റാണ്ടാകുന്നു.
കാര്‍ഗില്‍ സമുദ്രനിരപ്പിൽ നിന്ന് 18000 അടി വരെ ഉയരത്തില്‍ ഹിമാലയന്‍ മലനിരകളാല്‍ ചുറ്റപ്പെട്ട തന്ത്രപ്രധാന അതിര്‍ത്തി പ്രദേശമാണ്. തണുപ്പ് മൈനസ് 30 മുതല്‍ 40 ഡിഗ്രി വരെ താഴുന്ന അതിശൈത്യകാലത്ത് മലമുകളിലെ സൈനിക പോസ്റ്റുകളില്‍നിന്ന് താഴ്വാരത്തേക്കിറങ്ങുകയെന്നത് ഇന്ത്യാ-പാക്ക് സൈനികര്‍ക്കിടയിലെ അലിഖിത ധാരണയാണ്.
കൊടുംതണുപ്പില്‍ തണുത്തുറഞ്ഞ 1999 ലെ മെയ് മാസത്തില്‍ പക്ഷേ പാകിസ്താന്‍ ആ ധാരണ തെറ്റിച്ചു. മഞ്ഞിനെ മറയാക്കി നിയന്ത്രണരേഖയും കടന്ന് കാർഗിൽ മലനിരകളിലെ അതിപ്രധാന സൈനിക പോസ്റ്റുകളില്‍ പാക് സൈന്യം ഇരിപ്പുറപ്പിച്ചു.
മരംകോച്ചുന്ന തണുപ്പിലും ഒരു സംഘം ഇന്ത്യന്‍ സൈനികര്‍ സൈനിക നടപടിക്ക് ഒരുങ്ങുകയായിരുന്നു. ഉടമ്പടികള്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ കടന്നുകയറ്റിന് തക്ക മറുപടി കൊടുക്കുകയായിരുന്നു ലക്ഷ്യം. പാക് സൈന്യം ചതിയിലൂടെ കൈക്കലാക്കിയ കാര്‍ഗിലിലെ ടൈഗര്‍ ഹില്‍സിലെ ആ മൂന്ന് ബങ്കറുകള്‍ തിരിച്ചുപിടിക്കണം, പുലരുന്നതിന് മുന്‍പ് തന്നെ സൈന്യം തയ്യാറായി...
മൂന്ന് മാസം നീണ്ട പോരാട്ടം. മഞ്ഞുമൂടിയ ചെങ്കുത്തായ മലനിരകളില്‍ ഇന്ത്യന്‍ പട്ടാളത്തിന്‍റെ പ്രതിരോധം. ഒടുവില്‍ കാര്‍ഗിലില്‍ ഇന്ത്യന്‍ പതാക ഉയര്‍ന്നു പറന്നു. ജൂലൈ 14ന് അന്നത്തെ പ്രധാനമന്ത്രി എ ബി വാജ്‌പേയ് 'ഓപറേഷന്‍ വിജയ്' വിജയിച്ചെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ജൂലൈ 26ന് യുദ്ധം ഔദ്യോഗികമായി അവസാനിച്ചു. ഓരോ ഇന്ത്യക്കാരനും അഭിമാനം കൊണ്ട് പുളകിതനായ ദിനം, പക്ഷേ അപ്പോഴും കണ്ണുനീര്‍ മറയ്‌ക്കാന്‍ നന്നേ പ്രയാസപ്പെടേണ്ടി വന്നു. യുദ്ധത്തില്‍ രാജ്യത്തിന് നഷ്‌ടമായത് 527 ധീര ജവാന്മാരെ. പരിക്കേറ്റവര്‍ ഏറെയും.
കാര്‍ഗിലിലെ ഇന്ത്യന്‍ വിജയത്തിന് ഇന്ന് 25 വയസ് തികയുകയാണ്. രാജ്യം കാര്‍ഗില്‍ വിജയ് ദിവസ് ഓര്‍മകളില്‍ നിറയുമ്പോള്‍ എതിരാളികള്‍ ഇന്ത്യന്‍ മണ്ണിലേക്ക് നുഴഞ്ഞുകയറിയതിനെ കുറിച്ച് അറിയാം.
ലാഹോര്‍ ഉച്ചകോടിക്ക് മുന്‍പ്, അതായത് 1998 നവംബര്‍ മാസത്തിന്‍റെ അവസാനത്തോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്. 1998 ഓഗസ്റ്റ്, സെപ്‌റ്റംബര്‍ മാസങ്ങളില്‍ സിയാച്ചിന്‍ വിഷയത്തില്‍ നടന്ന ഇന്ത്യ പാക് ചര്‍ച്ചകള്‍ അനുനയത്തിലെത്താതെ അവസാനിച്ചു. പിന്നാലെ ഇതേ വര്‍ഷം ഒക്‌ടോബറില്‍ അന്നത്തെ പാക് പ്രധാനമന്ത്രി ആയിരുന്ന നവാസ് ഷെരീഫ്, പര്‍വേസ് മുഷറഫിനെ സൈനിക മേധാവിയായി നിയമിക്കുന്നു.
സോജിലയ്‌ക്കും ലേയ്‌ക്കും ഇടയിലുള്ള മുഷ്‌കോ, ദ്രാസ്, കാര്‍ഗില്‍, ബറ്റാലിക്, തുര്‍തുക് തുടങ്ങിയ ഉപമേഖലകളിലേക്ക് പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാര്‍ എത്തി. നിയന്ത്രണ രേഖയും മറികടന്ന് 4-10 കിലോമീറ്റര്‍ വരെ ഇന്ത്യന്‍ പ്രദേശത്ത് അതിക്രമിച്ച് കടന്ന അവര്‍ ശൈത്യകാലത്ത് ഒഴിഞ്ഞുകിടന്ന 130 പോസ്റ്റുകള്‍ കൈവശപ്പെടുത്തി.
പരസ്‌പര ഉടമ്പടി ലംഘിച്ച പാക് നിലപാട് ഇന്ത്യന്‍ സൈന്യത്തെ യഥാര്‍ഥത്തില്‍ അമ്പരപ്പിച്ചു. ആദ്യം പാക് സംഘം ദ്രാസ്, മുഷ്‌കോ തായ്‌വരയിലേക്കും ബറ്റാലിക്, യല്‍ദോര്‍, ചോര്‍ബട്‌ല, ടര്‍ടോക് എന്നിവിടങ്ങളിലെ മലനിരകളില്‍ കയറിക്കൂടി.
മദ്രാസും മുഷ്‌കോ താഴ്‌വരയും നിയന്ത്രണ രേഖയ്‌ക്ക് വളരെ അടുത്തായി സ്ഥിതി ചെയ്യുന്നതിനാല്‍ പാകിസ്ഥാന് ഇവിടേക്ക് കടന്നുകയറുക എളുപ്പമായിരുന്നു.
മുഷ്‌കോയില്‍ സജ്ജീകരിച്ച പോസ്റ്റുകള്‍ അവര്‍ കശ്‌മീര്‍ താഴ്‌വരയിലേക്കും കിഷ്‌ത്വാര്‍, ഭാദര്‍വ, ഹിമാചലിന്‍റെ സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങിലേക്കും നുഴഞ്ഞുകയറാനുള്ള ഉപാധിയായി ഉപയോഗിച്ചു. ബറ്റാലിക്, യാല്‍ദോര്‍ മേഖലയിലെ മലനിരകളില്‍ പാക് സൈന്യം ആധിപത്യം സ്ഥാപിച്ചതോടെ ലേ ഈ മേഖലയില്‍ നിന്ന് ഒറ്റപ്പെടുകയായിരുന്നു.
ചോര്‍ബട്‌ലയിലും ടര്‍ടോക്കിലും ഉണ്ടായിരുന്ന പോസ്റ്റുകള്‍ ടോര്‍ടോക് പിടിച്ചടുക്കാനും അവിടുത്തെ ജനങ്ങളെ അട്ടിമറിച്ച് മേഖലയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും വേണ്ടി ഉപയോഗിക്കപ്പെട്ടു.
ഇന്ത്യന്‍ മണ്ണിലെ പാക് അധിനിവേശം :
പാക് സംഘത്തിന്‍റെ പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായിരുന്നു. ദ്രാസ്, മുഷ്‌കോ, കക്‌സര്‍ മേഖലകളില്‍ നുഴഞ്ഞുകയറിയ അവര്‍ അവിടെ നിന്ന് അവര്‍ക്കാവശ്യമായതെല്ലാം കൈക്കലാക്കി. ശ്രീനഗര്‍, ലേ ഹൈവേ പൂര്‍ണമായും അധീനതയിലാക്കി.
എഫ്‌സിഎന്‍എ (ഫോഴ്‌സ് കമാന്‍ഡ് നോര്‍ത്തേണ്‍ ഏരിയാസ്)ല്‍ നിന്നുള്ള സൈനികരാണ് തുടക്കത്തില്‍ നുഴഞ്ഞുകയറ്റത്തിന് നിയോഗിക്കപ്പെട്ടിരുന്നത്.
നുഴഞ്ഞുകയറ്റത്തിനിടെ എഫ്‌എന്‍സിഎന്‍എ സൈനികര്‍ക്ക് അധികം പിടിച്ചുനില്‍ക്കാനാകാതെ വന്നതോടെ മറ്റ് സംഘത്തില്‍ നിന്നുള്ള സൈനികര്‍ കൂടുതല്‍ മേഖലകളിലേക്കുള്ള നുഴഞ്ഞ് കയറ്റത്തിന് നിയോഗിക്കപ്പെട്ടു. നിയന്ത്രണ രേഖയിലെ പ്രതിരോധത്തിന്‍റെ പേരില്‍ പാകിസ്ഥാന്‍ കൗശലത്തില്‍ ഒരു ആയുധശേഖരം തന്നെ സജ്ജമാക്കിയിരുന്നു.
ദ്രാസ്, മുഷ്‌കോ സെക്‌ടറുകളില്‍ നുഴഞ്ഞ് കയറ്റത്തിന് നിയോഗിക്കപ്പെട്ടത് എന്‍എല്‍ഐ ബറ്റാലിയനായിരുന്നു. നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍റെ പ്രദേശത്ത് റോഡ് സജ്ജീകരിച്ചതോടെ ഫ്രണ്ടിയര്‍ ഫോഴ്‌സ് ബറ്റാലിയനെ കൂടി ഉള്‍പ്പെടുത്തി.
പിന്നാലെ പാക് പ്രവര്‍ത്തനങ്ങള്‍ക്ക് ജിഹാദി മുഖം നല്‍കാന്‍ കൂടുതല്‍ ബറ്റാലിയനുകളെ ഇറക്കുകയും തീവ്രവാദികളുമായി സംഘം ചേരുകയും വിവിധ മേഖലകളില്‍ വിന്യസിപ്പിക്കുകയും ചെയ്‌തു. ഇവര്‍ക്കുള്ള നിര്‍ദേശങ്ങള്‍ അപ്പപ്പോള്‍ റേഡിയോ വഴി ലഭിച്ചുകൊണ്ടിരുന്നു.
ഗ്രൗണ്ട് സപ്പോര്‍ട്ടിനുള്ള ചെറിയ ആയുധങ്ങള്‍ മുതല്‍ മിസൈലുകള്‍, യന്ത്ര തോക്കുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍ തുടങ്ങിയവ മേഖലകളില്‍ വിന്യസിക്കപ്പെട്ടു. പ്രദേശങ്ങള്‍ നിരീക്ഷിക്കുന്നതിനായി സദാസമയവും പാക് ഹെലികോപ്‌റ്ററുകള്‍ താഴ്‌വരകളില്‍ വട്ടമിട്ട് പറന്നു. ഇന്ത്യന്‍ അധീന പ്രദേശങ്ങള്‍ പിടിച്ചടക്കാന്‍ പാക് സംഘം സര്‍വ സജ്ജമായിരുന്നു.
ഇന്ത്യൻ സൈന്യത്തിൻ്റെ ചെറുത്ത് നിൽപ്പിൻ്റെ ആത്മവീര്യത്തിൻ്റെയും കൂടി 'കൊടുമുടി'യായി കാർഗിൽ മാറുകയായിരുന്നു. ആകാശത്തുനിന്ന് വ്യോമസേനയുടെ മിഗ്, മിറാഷ് യുദ്ധവിമാനങ്ങളും താഴ്വാരത്തുനിന്ന് കരസേനയുടെ ബോഫോഴ്സ് പീരങ്കികളും ആക്രമണത്തിന്‍റെ ആക്കം കൂടി.
ആദ്യം ടോലോലിങ്, പിന്നാലെ തന്ത്രപ്രധാനമായ Point 4590, Point 5140 എന്നിവ ഇന്ത്യൻ സൈനികർ തിരികെ പിടിച്ചു. ജൂലൈ 5 ന് ടൈഗര്‍ ഹില്ല് കൂടി പിടിച്ചെടുത്തതോടെ പാക് സൈന്യം പരാജയം സമ്മതിച്ചു.
കരസേനയുടെ ഓപ്പറേഷന്‍ വിജയ്‌ക്കൊപ്പം വ്യോമസേനയുടെ സഫേദ് സാഗറും നാവികസേനയുടെ ഓപ്പറേഷന്‍ തല്‍വാറും രാജ്യത്തിൻ്റെ അതിർത്തി കീഴടക്കാനെത്തിയ നീക്കത്തെ തകർത്തെറിഞ്ഞു. കാര്‍ഗില്‍ മലനിരകള്‍ക്ക് മുകളില്‍ ഇന്ത്യന്‍ പാതാക വീണ്ടും ഉയര്‍ന്നുപറന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us