ജംഷേദ്പുര്‍: പോലീസ് റെയ്ഡിനിടെ രക്ഷപ്പെടാനായി കെട്ടിടത്തില്‍നിന്ന് ചാടിയ കൊലക്കേസ് പ്രതി വീണുമരിച്ചു. ജംഷേദ്പുരിലെ കുപ്രസിദ്ധ ക്രിമിനലായ കാര്‍ത്തിക് മുണ്ടെയാണ് ടാറ്റ മെയിന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായ കാര്‍ത്തിക് മുണ്ടെയെ തിരഞ്ഞ് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പോലീസ് സംഘം ഇയാളുടെ വീട്ടിലെത്തിയത്.
പോലീസിനെ കണ്ടതോടെ പ്രതി വീടിന്റെ ബാല്‍ക്കണിയില്‍നിന്ന് സമീപത്തെ ഫ്‌ളാറ്റിലേക്ക് ചാടി. തുടര്‍ന്ന് കെട്ടിടത്തിലെ ഡ്രൈനേജ് പെപ്പിലൂടെ ഊര്‍ന്നിറങ്ങാനുള്ള ശ്രമത്തിനിടെയാണ് പിടിവിട്ട് നിലത്തേക്ക് വീണത്.
ഗുരുതരമായി പരിക്കേറ്റ ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.