Advertisment

തിഹാർ ജയിലിൽ കേജ്രിവാൾ തടവുകാരനാകുന്നത് രണ്ടാം തവണ; കേജ്രിവാളിനെ കാണാന്‍ തീഹാര്‍ ജയിലിലേക്ക് പ്രവേശനമുള്ളത് അഞ്ച് പേര്‍ക്ക് മാത്രം; വിചാരണത്തടവ് ഗ്യാങ്സ്റ്റർമാർക്കൊപ്പം ഒരേ വാർഡിൽ !

New Update
Arvind Kejriwal ED custody

ഡൽഹി: ഡൽഹി മദ്യനയക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ കാണാൻ തീഹാർ ജയിലിലേക്ക് പ്രവേശനമുള്ളത് അഞ്ച് പേർക്ക് മാത്രമാണ്. 

Advertisment

കേജ്രിവാളിന്റെ ഭാര്യ സുനിത, മകൾ, മകൻ, പ്രൈവറ്റ് സെക്രട്ടറി ബിഭവ് കുമാർ, രാജ്യസഭാ എം.പിയും എഎപിയുടെ ദേശീയ ജനറൽ സെക്രട്ടറിയുമായ സന്ദീപ് പഥക് എന്നിവരാണ് ഡൽഹി മുഖ്യമന്ത്രിയെ കാണാൻ അനുമതിയുള്ള വിസിറ്റേഴ്സിന്റെ പട്ടികയിലുള്ള അഞ്ച് വിഐപികൾ.

ഭാര്യയും കുട്ടികളും ഉൾപ്പെടെ അഞ്ച് പേരും, രാമായണവും ഭഗവദ് ഗീതയും ഉൾപ്പെടെ ഏതാനും പുസ്തകങ്ങൾ വായിക്കാനുള്ള പ്രത്യേകാനുമതി, രണ്ടാം നമ്പർ തിഹാർ ജിയിലിന്റെ മൂന്നാം വാർഡിന് വെളിയിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവയാണ്, 670ാം നമ്പർ വിചാരണ തടവുകാരനായ അരവിന്ദ് കേജ്രിവാളിനായി അനുവദിച്ചിട്ടുള്ളത്. 

തിങ്കളാഴ്ച വൈകിട്ട് 4.45ന് വെള്ള ഷർട്ട് ധരിച്ച് തിഹാർ ജയിലിലെത്തിയ കേജ്രിവാളിനെ ആദ്യം ജയിൽ റെക്കോർഡിലെ രജിസ്ട്രേഷനായി ഒരു ഫോട്ടോ എടുപ്പിക്കുകയാണ് ആദ്യം ചെയ്തത്. ശേഷം ജയിൽ സെക്യൂരിറ്റി അദ്ദേഹത്തിന് ജയിലിനുള്ളിൽ അനുവദിച്ച ബാഗ് പരിശോധിച്ചു. ഇതിനകത്ത് അദ്ദേഹത്തിന് ധരിക്കാനുള്ള വസ്ത്രങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.

ഇതാദ്യമായല്ല കേജ്രിവാൾ തിഹാർ ജയിലിൽ തടവുകാരനായി കിടക്കുന്നത്. നേരത്തെ 2014ൽ, ബിജെപി നേതാവായ നിതിൻ ഗഡ്ക്കരിക്കെതിരായ അപകീർത്തി കേസിൽ 10,000 രൂപ ജാമ്യത്തുക കെട്ടിവയ്ക്കാൻ വിസമ്മതിച്ചതിനും അദ്ദേഹം രണ്ട് ദിവസം ഇതേ ജയിലിൽ വിചാരണ തടവുകാരനായിരുന്നു. അന്ന് 3624ാം നമ്പർ തടവുകാരനായിരുന്നു കേജ്രിവാൾ.

ഡൽഹി മുഖ്യമന്ത്രി തടവിൽ കഴിയുന്ന മൂന്നാം നമ്പർ വാർഡിലാണ് ഗ്യാങ്സ്റ്റർമാരായ ഛോട്ടാ രാജൻ, നീരജ് ബവാന, നവീൻ ബാലി എന്നിവരെയും പാർപ്പിച്ചിട്ടുള്ളത്. കേജ്രിവാളിനെ ഇന്നലെ മെഡിക്കൽ ചെക്കപ്പിന് ശേഷം 14x8 വാർഡിലാണ് പാർപ്പിച്ചത്.

നേരത്തെ ഇവിടെയുണ്ടായിരുന്ന എഎപി നേതാവ് സഞ്ജയ് സിങ്, തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖറിനേയും ഗ്യാങ്സ്റ്റർ അങ്കിത് ഗുജ്ജറിനേയും സഹായിച്ചതിന് അറസ്റ്റിലായ രണ്ട് ജയിൽ സ്റ്റാഫുകൾ എന്നിവരെ അഞ്ചാം നമ്പർ ജയിലിലേക്ക് മാറ്റിയിരുന്നു. 

ഇതോടൊപ്പമുള്ള ഏതാനും ജയിലുകളും ഒഴിഞ്ഞു കിടപ്പാണ്. കേജ്രിവാളിനേയും അദ്ദേഹത്തിന്റെ വാർഡിലെ നീക്കങ്ങളും നിരീക്ഷിക്കാൻ രണ്ട് സെക്യൂരിറ്റി ജീവനക്കാരേയും ഈ വാർഡിന് പുറത്തായി നിയോഗിച്ചിട്ടുണ്ട്. കേജ്രിവാനെ സദാസമയം സിസിടിവി ക്യാമറിയിലൂടെ ഇവർ നിരീക്ഷിക്കും.

Advertisment