ഡൽഹി: തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിക്കും കോൺഗ്രസിനും വലി മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞതായി കോൺഗ്രസ് പ്രവർത്തക സമിതിയുടെ വിലയിരുത്തൽ.
ബിജെപിയുടെ സ്വേച്ഛാധിപത്യ നിലപാടിന് തക്കതായ തിരിച്ചടിയാണ് ജനങ്ങൾ നൽകിയതെന്നും ഇന്ത്യാ മുന്നണിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകേണ്ടെതുണ്ടെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ യോഗത്തിൽ വ്യക്തമാക്കി. മുതിർന്ന നേതാക്കളടക്കമുള്ളവർ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി തയ്യാറാവണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു.
“ഞങ്ങളുടെ ആഗ്രഹം 140 കോടി ജനങ്ങളുടെ ആവശ്യം തന്നെയാണ്. രാഹുൽ ഗാന്ധി ലോക്‌സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണം" തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കടന്നുപോയ മേഖലകളിൽ വലിയ മുന്നേറ്റങ്ങളുണ്ടാക്കാൻ കോൺഗ്രസിന് കഴിഞ്ഞുവെന്ന് പ്രവർത്തക സമിതി വിലയിരുത്തി.
രാഹുലിന്റെ ആദ്യ യാത്രയിൽ 12 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 75 ജില്ലകളിലും 71 ലോക്‌സഭാ മണ്ഡലങ്ങളിലുമാണ് പര്യടനം നടന്നത്.
കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് കാശ്മീരിൽ സമാപിച്ച യാത്ര 71 ലോക്‌സഭാ മണ്ഡലങ്ങളിലൂടെ കടന്നുപോയിരുന്നു. അതിൽ 56 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുകയും 23 സീറ്റുകളിൽ വിജയിക്കുകയും ചെയ്തുവെന്നും പ്രവർത്തക സമിതി വ്യക്തമാക്കി.