ഡൽഹി: ഈ വർഷത്തെ നീറ്റ് യു.ജി പരീക്ഷ വീണ്ടും നടത്തണമെന്ന് കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ.
പേപ്പർ ചോർച്ചയും അഴിമതിയും സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സമഗ്രമായി അന്വേഷിക്കണമെന്നും പരീക്ഷ സുതാര്യമായി വീണ്ടും നടത്തണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷയിലെ ഒരു പേപ്പറും ചോർന്നിട്ടില്ലെന്ന് മോദി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചുവെന്ന് എക്‌സിലൂടെയാണ് മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് യുവാക്കളോട് പച്ചക്കള്ളം പറയുകയാണെന്നും, അവരുടെ ഭാവി നശിപ്പിക്കുകയാണെന്നും, ഖാർഗെ ആരോപിച്ചു.
വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ മുഴുവൻ നിയന്ത്രണവും ഏറ്റെടുത്ത് ബിജെപിയും ആർഎസ്എസും വിദ്യാഭ്യാസ മാഫിയയെ പ്രോത്സാഹിപ്പിക്കുകയാണെന്നും എൻസിഇആർടി പുസ്തകങ്ങളും പരീക്ഷകളിലെ ചോർച്ചയും ഉൾപ്പെടെ വിദ്യാഭ്യാസ സമ്പ്രദായം തകർക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും ഖാർഗെ ആരോപിച്ചു.
നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന മുറവിളികൾക്കിടെ പരീക്ഷ വീണ്ടും നടത്തേണ്ടതില്ലെന്ന നിലപാട് കഴിഞ്ഞ ദിവസം കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
പരീക്ഷയ്ക്ക് ഹാജരായ ലക്ഷക്കണക്കിന് വരുന്ന സത്യസന്ധരായ ഉദ്യോഗാർത്ഥികളെ ഇത് സാരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് നീറ്റ്-യുജി വീണ്ടും നടത്തേണ്ടതില്ലെന്ന് വ്യക്തമാക്കിയത്.