ഡല്‍ഹി: ദ്വീപ് രാഷ്ട്രത്തിൽ നിന്ന് സൈനിക സാന്നിധ്യം പിൻവലിക്കണമെന്ന് ഇന്ത്യൻ സർക്കാരിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. കേന്ദ്രമന്ത്രി കിരൺ റിജിജുവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാലദ്വീപ് പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ജനങ്ങളുടെ ജനാധിപത്യ ഇച്ഛയെ ഇന്ത്യ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസിഡന്റ് മുഹമ്മദ് മുയിസു പറഞ്ഞു. മാലദ്വീപിലെ ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യം പൂർണ്ണമായി ഇല്ലാതാക്കുമെന്നായിരുന്നു മുഹമ്മദ് മുയിസുവിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം.
വിജയത്തിന് ശേഷവും അദ്ദേഹം ഇക്കാര്യം ആവർത്തിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന്റെ തൊട്ടു പിറ്റേന്ന് സൈന്യത്തെ പിൻവലിക്കാൻ അദ്ദേഹം ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരിക്കുന്നത്.
"സെപ്റ്റംബറിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ, ഇന്ത്യയോട് അഭ്യർത്ഥിക്കാൻ മാലദ്വീപ് ജനത തനിക്ക് ശക്തമായ ജനവിധി നൽകി. മാലിദ്വീപിലെ ജനങ്ങളുടെ ജനാധിപത്യ ഇച്ഛയെ ഇന്ത്യ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു," പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
മാലദ്വീപ് പ്രസിഡന്റായി മുയിസു സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് ദ്വീപ് രാഷ്ട്രത്തിൽ നിന്ന് ഇന്ത്യൻ സൈനികരെ പിൻവലിക്കാനുള്ള അഭ്യർത്ഥന.