Advertisment

സത്യപ്രതിജ്ഞയ്ക്കൊരുങ്ങി രാജ്യ തലസ്ഥാനം; ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം രാജ്യത്തിന്റെ പ്രധാനമന്ത്രിയായി മൂന്നാം തവണയും എത്തുക എന്ന ചരിത്ര നിയോഗത്തിന് ഒരുങ്ങി മോദി

ഇന്നലെ രാമോജി റാവുവിന്റെ മരണത്തെ തുടർന്ന് ചന്ദ്രബാബു നായിഡുവിന് അടിയന്തിരമായി ആന്ധ്രയിലേക്ക് പോകേണ്ടി വന്നതിനാലാണ് മന്ത്രിമാരുടെ ലിസ്റ്റ് വൈകുന്നതെന്നാണ് സൂചന. 

New Update
Narendra Modi

ഡൽഹി: പ്രധാനമന്ത്രി പദത്തിലേക്ക് മൂന്നാമൂഴത്തിന് നരേന്ദ്ര മോദി. ജവഹർലാൽ നെഹ്റുവിന് ശേഷം രാജ്യത്തിന്റെ പ്രധാനമന്ത്രിയായി മൂന്നാം തവണയും എത്തുക എന്ന ചരിത്ര നിയോഗം ഇന്ന് വൈകിട്ട് 7.15 ന് സത്യപ്രതിജ്ഞ ചെയ്യുന്നതോടെ നരേന്ദ്ര മോദി യാഥാർത്ഥ്യമാക്കും. 

Advertisment

2014 ൽ ഗുജറാത്തിലെ മുഖ്യമന്ത്രി പദത്തിൽ നിന്നും ബിജെപിയെ അധികാരത്തിലേക്ക് നയിച്ചുകൊണ്ടാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്കുള്ള നരേന്ദ്ര മോദിയുടെ കടന്നുവരവ്. പിന്നീട് 2019 ലും വലിയ ഭൂരിപക്ഷത്തോടെ മോദി രണ്ടാം തവണയും അധികാരത്തിലേക്ക് തിരിച്ചത്തി.

ഇത്തവണ ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലെങ്കിലും സഖ്യ കക്ഷികളെ കൂട്ടുപിടിച്ചാണ് പ്രധാനമന്ത്രി പദത്തിലേക്ക് മോദിയും അധികാരത്തിലേക്ക് ബിജെപിയും മൂന്നാം തവണയുമെത്തുന്നത്. 

വൈകീട്ട് ഏഴേകാലിന് രാഷ്ട്രപതി ഭവൻ അങ്കണത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് തന്റെ ക്യാബിനറ്റിലെ മന്ത്രിമാരുടെ പട്ടിക കൈമാറുമെന്നാണ് സൂചന.

മോദിക്കൊപ്പം 15 മന്ത്രമാരെങ്കിലും ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും. മന്ത്രിസഭാ രൂപീകരണത്തിന്റെ ഭാഗമായി അമിത് ഷായും രാജ്‌നാഥ് സിംഗും ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും ടിഡിപിയുടെ ചന്ദ്രബാബു നായിഡു, ജെഡിയുവിന്റെ നിതീഷ് കുമാർ, ശിവസേനയുടെ ഏകനാഥ് ഷിൻഡെ എന്നിവരുമായി ചർച്ച നടത്തിയിരുന്നു.

ഇന്നലെ രാമോജി റാവുവിന്റെ മരണത്തെ തുടർന്ന് ചന്ദ്രബാബു നായിഡുവിന് അടിയന്തിരമായി ആന്ധ്രയിലേക്ക് പോകേണ്ടി വന്നതിനാലാണ് മന്ത്രിമാരുടെ ലിസ്റ്റ് വൈകുന്നതെന്നാണ് സൂചന. 

പ്രധാന വകുപ്പുകളായ ആഭ്യന്തരം, ധനം, പ്രതിരോധം, വിദേശകാര്യം എന്നിവ ബിജെപി നിലനിർത്താൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. മറ്റ് രണ്ട് സുപ്രധാന മന്ത്രാലയങ്ങളായ വിദ്യാഭ്യാസവും സാംസ്കാരികവും ബിജെപി തന്നെ കൈയ്യിൽ വെക്കാനാണ് സാധ്യത.

16 എംപിമാരുള്ള ഏറ്റവും വലിയ സഖ്യകക്ഷിയായ ടിഡിപിക്ക് മന്ത്രിസഭയിൽ കുറഞ്ഞത് രണ്ട് സ്ഥാനങ്ങളെങ്കിലും ലഭിക്കുമെന്നും പവൻ കല്യാണിന്റെ ജനസേനയ്ക്ക് ഒരു മന്ത്രിസ്ഥാനവും ലഭിച്ചേക്കും.

ശ്രീകാകുളം എംപി കെ റാം മോഹൻ നായിഡുവും മന്ത്രിമാരാകാൻ സാധ്യതയുള്ള പേരുകളിൽ ഉൾപ്പെടുന്നു. ഗുണ്ടൂർ എംപി ചന്ദ്രശേഖർ പെമ്മസാനി, ചിറ്റൂർ എംപി ദഗ്ഗുമല്ല പ്രസാദ റാവുവും മന്ത്രി പദത്തിലേക്ക് സാധ്യത കൽപ്പിക്കുന്നവരാണ്. 

 

Advertisment