അപകടമോ പ്രകൃതി ദുരന്തമോ സംഭവിച്ച് ദിവസങ്ങള്‍ക്ക് ശേഷവും ഇതെ ദൃശ്യങ്ങള്‍ ചാനലുകളില്‍ കാണിക്കുന്നത് പ്രേക്ഷകര്‍ക്കിടയില്‍ ആശയക്കുഴപ്പവും പരിഭ്രാന്തിയും സൃഷ്ടിക്കുന്നു: ദുരന്ത ദൃശ്യങ്ങള്‍ കാണിക്കുമ്പോള്‍ റിപ്പോര്‍ട്ടിനൊപ്പം തീയതിയും സമയവും സൂചിപ്പിക്കണം; വാര്‍ത്താ ചാനലുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം

ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സ്വകാര്യ വാര്‍ത്താ ചാനലുകള്‍ പ്രോഗ്രാം കോഡ് പാലിക്കണമെന്നും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി. 

New Update
newsUntitledmaa

ഡല്‍ഹി: സ്വകാര്യ വാര്‍ത്താ ചാനലുകള്‍ക്ക് സുപ്രധാന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. പ്രകൃതിക്ഷോഭങ്ങളും വലിയ അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഈ റിപ്പോര്‍ട്ടിനൊപ്പം ദുരന്തം നടന്ന തീയതി, സ്ഥലം, സമയം എന്നിവ സംബന്ധിച്ച വിവരങ്ങളും ദൃശ്യങ്ങളില്‍ നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. 

Advertisment

കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്. പ്രകൃതി ദുരന്തങ്ങളുടെയും വലിയ അപകടങ്ങളുടെയും ദൃശ്യങ്ങള്‍ പല വാര്‍ത്താ ചാനലുകളും ദീര്‍ഘകാലം തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞു.

അപകടമോ പ്രകൃതിദുരന്തമോ സംഭവിച്ച് ദിവസങ്ങള്‍ക്ക് ശേഷവും വാര്‍ത്താ ചാനലുകള്‍ ഈ ദൃശ്യങ്ങള്‍ കാണിക്കുന്നുവെന്നും അതുവഴി യാഥാര്‍ത്ഥ്യത്തെ വളച്ചൊടിക്കുകയാണെന്നും മന്ത്രാലയം വാദിച്ചു. ഇത് പ്രേക്ഷകര്‍ക്കിടയില്‍ ആശയക്കുഴപ്പവും പരിഭ്രാന്തിയും സൃഷ്ടിക്കുന്നു.

കാഴ്ചക്കാര്‍ക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാന്‍ ഏതെങ്കിലും പ്രകൃതി ദുരന്തത്തിന്റെയോ അപകടത്തിന്റെയോ ദൃശ്യങ്ങള്‍ കാണിക്കുമ്പോള്‍ ഇവ നടന്ന സമയവും സ്ഥലവും തീയതിയും ഉള്‍പ്പെടുത്താന്‍ എല്ലാ ന്യൂസ് ചാനലുകളും ശ്രദ്ധിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഇങ്ങനെ ചെയ്യുന്നത് അപകടത്തിന്റെ ശരിയായ തീയതിയും സമയവും പ്രേക്ഷകര്‍ക്ക് മനസ്സിലാക്കാന്‍ സഹായകമാകും. ഇത് കാഴ്ചക്കാര്‍ക്ക് സംഭവത്തിന്റെ യഥാര്‍ത്ഥ സ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ സഹായിക്കുമെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സ്വകാര്യ വാര്‍ത്താ ചാനലുകള്‍ പ്രോഗ്രാം കോഡ് പാലിക്കണമെന്നും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി. 

അടുത്തിടെ കേരളത്തിലെ വയനാട്, കര്‍ണാടകയിലെ ഷിരൂര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ പല വാര്‍ത്താ ചാനലുകളും കാണിച്ചിരുന്നു. ഈ അപകടങ്ങളുടെ വ്യാപകമായ കവറേജ് കണക്കിലെടുത്താണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിര്‍ണായക നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

Advertisment