ഡല്‍ഹി: സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ തെറ്റായ അവകാശവാദങ്ങളെ ചെറുക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി.
സര്‍ക്കാരിന്റെ തീരുമാനങ്ങളെയും നേട്ടങ്ങളെയും കുറിച്ച് പൗരന്മാരെ കൃത്യമായി ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും അഭ്യര്‍ത്ഥിച്ചു. തെറ്റായ വിവരങ്ങള്‍ തടയുന്നതിനും പൊതുജനവിശ്വാസം നിലനിര്‍ത്തുന്നതിനും ഇത്തരം നടപടികള്‍ അത്യാവശ്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സര്‍ക്കാരിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കാനും സുതാര്യത ഉറപ്പാക്കാനുമാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്. സര്‍ക്കാരിന്റെ തീരുമാനങ്ങള്‍, നയങ്ങള്‍, നേട്ടങ്ങള്‍ എന്നിവയെക്കുറിച്ച് പൊതുജനങ്ങളെ കൃത്യമായി അറിയിക്കണമെന്നും അദ്ദേഹം മന്ത്രിമാരോടും ഉന്നത ഉദ്യോഗസ്ഥരോടും നിര്‍ദ്ദേശിച്ചു.
സര്‍ക്കാരിന്റെ നേട്ടങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് പ്രതിപക്ഷം പ്രചരിപ്പിക്കുന്ന തെറ്റായ വിവരങ്ങളെ ചെറുക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ രംഗത്ത് വിമര്‍ശനങ്ങളുടെ നിയന്ത്രണം നിര്‍ണായകമാണെന്നാണ് പ്രധാനമന്ത്രിയുടെ വാദം. വിമര്‍ശനങ്ങള്‍ക്ക് പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാനും ധാരണകളെ രൂപപ്പെടുത്താനും ആത്യന്തികമായി തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കാനും കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ നിരന്തരം ചോദ്യം ചെയ്യുന്നതിനൊപ്പം സര്‍ക്കാരിന്റെ നയങ്ങളെയും സംരംഭങ്ങളെയും നിരന്തരം വെല്ലുവിളിക്കാനാണ് പ്രതിപക്ഷം പലപ്പോഴും ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊതുജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇതി സര്‍ക്കാരിലുള്ള ജനങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ സഹായിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ബിജെപിക്കെതിരെ ശക്തമായ പ്രചാരണം നടത്തിയിരുന്നു. ഭരണഘടന ഭേദഗതി ചെയ്യാനും ഇന്ത്യയുടെ ജനാധിപത്യ ഘടനയെ തകര്‍ക്കാനുമാണ് ബിജെപി ലക്ഷ്യമിടുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്.
എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമമാണ് ഇതെന്നും വ്യക്തമാക്കി പ്രധാനമന്ത്രി മോദി ഈ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു.
ബിജെപി മുസ്ലീങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ അവകാശവാദത്തെയും ബിജെപി തള്ളി. 'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ബിജെപി ഇതിനെ പ്രതിരോധിച്ചത്. സര്‍ക്കാര്‍ നടപ്പിലാക്കുന്ന ക്ഷേമപദ്ധതികള്‍ മതമോ സമുദായമോ നോക്കാതെ എല്ലാ പൗരന്മാര്‍ക്കും പ്രയോജനകരമാകുന്നവയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.