പൂജ ഖേഡ്ക്കറിനെതിരെ നടപടി; ഐഎഎസ് പരിശീലനത്തിന് വിലക്ക്, മസൂറിയിലെ അക്കാദമിയില്‍ ഹാജരാകണം

സിവില്‍ സര്‍വീസ് കടമ്പ കടക്കാന്‍ വ്യാജ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് ആരോപണം. വാഷി ജില്ലയിലെ സബ്‌കലക്‌ടറായി പരിശീലനം നടത്തി വരികയായിരുന്നു ഇവര്‍.

New Update
Puja Khedkar IAS

ഡല്‍ഹി : വിവാദ ഐഎഎസ് ഓഫിസര്‍ പൂജ ഖേഡ്ക്കറിന്‍റെ ഐഎഎസ് പരിശീലനത്തിന് വിലക്കുമായി മഹാരാഷ്‌ട്ര സര്‍ക്കാര്‍. ഇവരോട് ഉടന്‍ മസൂറിയിലെ ലാല്‍ബഹാദൂര്‍ ശാസ്‌ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്‌മിനിസ്ട്രേഷനില്‍ ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. ഈ മാസം 23നകം ഹാജരാകാനാണ് നിര്‍ദേശം.

Advertisment

സിവില്‍ സര്‍വീസ് കടമ്പ കടക്കാന്‍ വ്യാജ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് ആരോപണം. വാഷി ജില്ലയിലെ സബ്‌കലക്‌ടറായി പരിശീലനം നടത്തി വരികയായിരുന്നു ഇവര്‍. മഹാരാഷ്‌ട്ര അഡിഷണല്‍ ചീഫ് സെക്രട്ടറി നിതിന്‍ ഗഡറാണ് ഇവരുടെ ജില്ലാതല പരിശീലനം വിലക്കിക്കൊണ്ട് ഉത്തരവിറക്കിയത്.

2023ലെ മഹാരാഷ്‌ട്ര കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥയായ പൂജയുടെ യോഗ്യത പരിശോധിക്കാന്‍ ഏകാംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

പൂജ ഖേഡ്ക്കര്‍ അവരുടെ സ്വകാര്യ ഓഡി കാറില്‍ ചുവപ്പും നീലയും നിറമുള്ള ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചതോടെയാണ് ഇവര്‍ക്കെതിരെയുള്ള വിവാദങ്ങള്‍ ആരംഭിച്ചത്. ജൂനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇത്തരത്തില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് അനുമതിയില്ല.

ഇതിന് പുറമെ യുപിഎസ്‌സി പരീക്ഷയില്‍ ഇവര്‍ നിരവധി വ്യാജ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം നിര്‍ബന്ധിത വൈദ്യപരിശോധനയ്ക്ക് ഇവര്‍ വിധേയ ആയില്ലെന്നും പറയുന്നു. മറ്റ് പിന്നാക്ക വിഭാഗ സംവരണ യോഗ്യതയിലും മുപ്പത്തിനാലുകാരിയായ ഇവര്‍ക്കെതിരെ ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

തനിക്കെതിരെ മാധ്യമ വിചാരണ നടക്കുന്നുവെന്നാണ് സംഭവങ്ങളോട് പൂജയുടെ പ്രതികരണം. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കും വരെ താന്‍ നിരപരാധിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാവരും ബുദ്ധിയുള്ളവരാണ്. താന്‍ എന്ത് മറുപടി പറഞ്ഞാലും അത് വിവാദമാകുമെന്നും പൂജ കൂട്ടിച്ചേര്‍ത്തു. ഇവിടുത്തെ സാധാരണക്കാരിലും മാധ്യമങ്ങളിലും തനിക്ക് വിശ്വാസമുണ്ട്. ഇപ്പോള്‍ നല്ലതായും മോശമായും പ്രതികരിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല.

താന്‍ എന്ത് മറുപടി നല്‍കിയാലും അത് പരസ്യമാകും. മാധ്യമവിചാരണയില്‍ താന്‍ കുറ്റക്കാരിയാണ്. എന്നാല്‍ എല്ലാവര്‍ക്കും അത് അങ്ങനെയാകണമെന്നില്ലെന്നും പൂജ ചൂണ്ടിക്കാട്ടി.

Advertisment