ഹിന്ദുക്കള്‍ എല്ലാവരിലും ദൈവത്തെ കാണുന്നവര്‍; അവര്‍ അക്രമരഹിതരും ഉദാരമതികളും; പൂര്‍ണ്ണമായ വിവരങ്ങളില്ലാതെ ഒരു മതത്തെക്കുറിച്ചും സംസാരിക്കരുത്: രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പുമായി സിഖ്, ഇസ്ലാം, ഹിന്ദു മത നേതാക്കള്‍ രംഗത്ത്

ഹിന്ദുക്കളെ അക്രമാസക്തരെന്ന് വിളിക്കുന്നതോ അവര്‍ വിദ്വേഷം പരത്തുന്നുവെന്ന് പറയുന്നതോ ശരിയല്ല. ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് രാഹുല്‍ സമൂഹത്തെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുകയാണ്. 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
rahUntitledsa

ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റിലെ പ്രസംഗത്തിലെ 'ഹിന്ദു' പരാമര്‍ശത്തിന്റെ പേരില്‍ വിമര്‍ശനവുമായി സിഖ്, ഇസ്ലാം, ഹിന്ദു മത നേതാക്കള്‍ രംഗത്ത്.

Advertisment

ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പ്രധാനമന്ത്രിയ്ക്കും ബിജെപിക്കുമെതിരെ രാഹുല്‍ വന്‍ വിമര്‍ശനമാണ് നടത്തിയത്. ശിവന്റെ ചിത്രം ഉയര്‍ത്തിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രസംഗം. ഇതിനെതിരെ ഭരണപക്ഷം ശക്തമായി പ്രതിഷേധിച്ചിരുന്നു. 

ഹിന്ദുവെന്ന് അവകാശപ്പെടുന്നവര്‍ വെറുപ്പ് പറയുന്നുവെന്നും ഹിന്ദുവിന്റെ പേരില്‍ അക്രമണം നടക്കുന്നുവെന്നുമുളള രാഹുല്‍ ഗാന്ധിയുടെ പരാര്‍മര്‍ശത്തിന്മേലാണ് ഭരണപക്ഷം ബഹളം വെച്ചത്. ഇതോടെ രാഹുലിന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടിരുന്നു.

രാഹുല്‍ ഹിന്ദു സമൂഹത്തെയാകെ അപകീര്‍ത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തെന്ന് പ്രധാനമന്ത്രി ആരോപിച്ചു.  ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി വിവിധ മത നേതാക്കളും രംഗത്തെത്തിയിരിക്കുകയാണ്.

ഹിന്ദുക്കള്‍ എല്ലാവരിലും ദൈവത്തെ കാണുന്നവരാണെന്നും അവര്‍ അക്രമരഹിതരും ഉദാരമതികളുമാണെന്നും സ്വാമി അവധേശാനന്ദ ഗിരി പറഞ്ഞു. ലോകം മുഴുവന്‍ തങ്ങളുടെ കുടുംബമാണെന്നും എല്ലാവരുടെയും ക്ഷേമത്തിനും സന്തോഷത്തിനും ബഹുമാനത്തിനും വേണ്ടി എപ്പോഴും പ്രാര്‍ത്ഥിക്കണമെന്നും പറയുന്നവരാണ് ഹിന്ദുക്കളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹിന്ദുക്കളെ അക്രമാസക്തരെന്ന് വിളിക്കുന്നതോ അവര്‍ വിദ്വേഷം പരത്തുന്നുവെന്ന് പറയുന്നതോ ശരിയല്ല. ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് രാഹുല്‍ സമൂഹത്തെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുകയാണ്. 

ഹിന്ദുക്കള്‍ അക്രമാസക്തരാണെന്നും ഹിന്ദുക്കള്‍ വിദ്വേഷം വളര്‍ത്തുന്നുവെന്നും രാഹുല്‍ ആവര്‍ത്തിച്ച് പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വാക്കുകള്‍ അദ്ദേഹം തിരിച്ചെടുക്കണം. മാപ്പ് പറയണമെന്നും സ്വാമി അവധേശാനന്ദ ഗിരി ആവശ്യപ്പെട്ടു.

അഭയമുദ്രയെ കുറിച്ച് ഇസ്ലാമില്‍ പരാമര്‍ശമില്ലെന്നും രാഹുല്‍ പ്രസ്താവന തിരുത്തണമെന്നും ഓള്‍ ഇന്ത്യ സൂഫി സജ്ജദാന്‍ഷിന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സയ്യിദ് നസറുദ്ദീന്‍ ചിഷ്തി പറഞ്ഞു. ഇസ്ലാമില്‍ വിഗ്രഹാരാധനയെക്കുറിച്ച് പരാമര്‍ശമില്ല. ഇസ്ലാമില്‍ അഭയമുദ്രയെക്കുറിച്ച് പരാമര്‍ശമില്ല. രാഹുല്‍ ഗാന്ധി തന്റെ തെറ്റായ പ്രസ്താവന തിരുത്തുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദര്‍ഗ അജ്മീര്‍ ഷെരീഫിലെ ഗദ്ദി നാഷിന്‍ ഹാജി സയ്യിദ് സല്‍മാന്‍ ചിഷ്തിയും രാഹുലിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് രംഗത്തെത്തി. അഭയമുദ്രയുടെ ചിഹ്നത്തെ ഇസ്ലാമിക പ്രാര്‍ത്ഥനയുമായോ ഇസ്ലാമിക ആരാധനയുമായോ ബന്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ഞങ്ങള്‍ കേട്ടു.

എന്നാല്‍ ഇങ്ങനെയൊന്ന് നടന്നിട്ടില്ലെന്നും ഇസ്ലാമിന്റെ തത്ത്വചിന്തയും വിശ്വാസവുമായി മറ്റേതെങ്കിലും പ്രതീകാത്മക ഭാവത്തെ ബന്ധിപ്പിക്കുന്നത് ശരിയല്ലെന്നും ഏത് മതവുമായാണോ വിശ്വാസവുമായാണോ ഇവയെല്ലാം ബന്ധപ്പെട്ടിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധിക്ക് ധാരണയുണ്ടാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൂര്‍ണ്ണമായ വിവരങ്ങളില്ലാതെ ഒരു മതത്തെക്കുറിച്ചും സംസാരിക്കാന്‍ പാടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സഭയില്‍ മതങ്ങളെക്കുറിച്ച് പരാമര്‍ശിച്ച രീതി തീര്‍ത്തും തെറ്റായിരുന്നുവെന്ന് പട്ന ഗുരുദ്വാര സാഹിബ് ജഗ്‌ജോത് സിംഗ് പറഞ്ഞു. രാഹുലിന് മതങ്ങളെക്കുറിച്ച് ശരിയായ ധാരണയില്ലെന്നും അപൂര്‍ണ്ണവും തെറ്റായതുമായ വിവരങ്ങളാണ് അദ്ദേഹം സഭയില്‍ അവതരിപ്പിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു.

അത് സിഖ് മതമോ ഹിന്ദുമതമോ മറ്റേതെങ്കിലും മതമോ ആകട്ടെ, ഒരു മതത്തെയും കുറിച്ച് പൂര്‍ണ്ണമായ വിവരങ്ങള്‍ ഇല്ലെങ്കില്‍ ആരും സംസാരിക്കരുത്. പൂര്‍ണ്ണമായ വിവരങ്ങള്‍ ലഭിച്ചതിന് ശേഷം മാത്രമേ മതങ്ങളെക്കുറിച്ച് പരാമര്‍ശിക്കാവൂയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അക്രമത്തെക്കുറിച്ച് സംസാരിച്ചത് വളരെ നല്ല കാര്യമാണെന്നും എന്നാല്‍ 1984ല്‍ സിഖുകാര്‍ക്ക് നേരെയുണ്ടായ അക്രമത്തെക്കുറിച്ച് അദ്ദേഹത്തിന് വേണ്ടത്ര അറിയില്ലായിരിക്കാമെന്നും ജഗ്‌ജോത് സിംഗ് പറഞ്ഞു.

നിരവധി ഇരകളുടെ കുടുംബങ്ങള്‍ ഇപ്പോഴും ഡല്‍ഹിയില്‍ തന്നെ താമസിക്കുന്നുണ്ട്. ഒരിക്കല്‍ എങ്കിലും രാഹുല്‍ ഗാന്ധി അവരുടെ അടുത്ത് ചെന്ന് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment