ഡൽഹി: റീജിയണൽ റാപ്പിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പദ്ധതിക്ക് ഫണ്ട് നൽകുന്നതിൽ വീഴച വരുത്തിയതിന് ഡൽഹി സർക്കാരിനെ സുപ്രീം കോടതി വിമർശിച്ചു.
പദ്ധതിയുടെ വിഹിതം ഒരാഴ്ചയ്ക്കുള്ളിൽ (നവംബർ 28 നകം) അനുവദിക്കണമെന്നും ഉത്തരവിട്ടു. ഡൽഹി സർക്കാർ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ എഎപി സർക്കാരിന്റെ ഈ വർഷത്തെ ബജറ്റിൽ നിന്നുള്ള തുക തിരിച്ചുവിടുമെന്നും കോടതി ഉത്തരവിൽ പറയുന്നു.
ഡൽഹി-മീററ്റ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന് നൽകാൻ ബാക്കിയുള്ള 415 കോടി രൂപ ഡൽഹി സർക്കാരിനോട് ഒരാഴ്ചയ്ക്കകം നൽകണമെന്നും അല്ലെങ്കിൽ 550 കോടിയുടെ പരസ്യ ബജറ്റ് കണ്ടുകെട്ടുമെന്നും കോടതി വ്യക്തമാക്കി.
മൂന്ന് വർഷത്തിനുള്ളിൽ ഡൽഹി സർക്കാരിന് 1100 കോടി രൂപ പരസ്യങ്ങൾക്കായി ചിലവഴിക്കാൻ കഴിയുമെങ്കിൽ, എന്തുകൊണ്ട് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് സംഭാവന നൽകാൻ കഴിയില്ലെന്നും കോടതി ചോദിച്ചു. നവംബർ 28നാണ് കേസിന്റെ അടുത്ത വാദം കേൾക്കൽ.
ഡൽഹി-മീററ്റ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന്റെ കുടിശ്ശിക തീർക്കാൻ ഡൽഹി സർക്കാരിന് കോടതി ജൂലൈയിൽ രണ്ട് മാസത്തെ സമയം നൽകിയിരുന്നു.