ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്കെതിരെ നടത്തിയ പരിഹാസത്തിന് മറുപടിയുമായി നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാപകന്‍ ശരദ് പവാര്‍ രംഗത്ത്. തന്നെ അലഞ്ഞുതിരിയുന്ന ആത്മാവ് എന്ന് സ്വയം വിശേഷിപ്പിച്ച ശരദ് പവാര്‍ ഈ ആത്മാവ് നിലനില്‍ക്കുമെന്നും ഒരിക്കലും മോദിയെ വിട്ടുപോകില്ലെന്നും പറഞ്ഞു.
മഹാരാഷ്ട്രയിലെ അഹമ്മദ്നഗറില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ ഒരു കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കേണ്ടി വന്നതില്‍ പ്രധാനമന്ത്രിയെ ശരദ് പവാര്‍ പരിഹസിച്ചു.
രാജ്യത്തെ ജനങ്ങള്‍ അദ്ദേഹത്തിന് ഭൂരിപക്ഷം നല്‍കിയില്ല. സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ സാധാരണക്കാരുടെ സമ്മതം വാങ്ങിയോ? അദ്ദേഹം ബീഹാര്‍ മുഖ്യമന്ത്രിയില്‍ നിന്ന് സഹായം സ്വീകരിച്ചു.
തിരഞ്ഞെടുപ്പ് കാലത്ത് മോദി എവിടെ പോയാലും ഭാരത് എന്നോ ഭാരത് സര്‍ക്കാര്‍ എന്നോ പറയാറില്ലായിരുന്നു. മോദി സര്‍ക്കാര്‍ എന്നും മോദി കി ഗ്യാരണ്ടി എന്നുമാണ് അദ്ദേഹം പറയാറുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
തങ്ങള്‍ ഇന്ത്യാ മുന്നണിക്കൊപ്പമാണെന്ന് ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ തെളിയിച്ചു. അദ്ദേഹം ഇവിടെ വന്ന് ഞാനൊരു അലഞ്ഞുതിരിയുന്ന ആത്മാവാണെന്ന് പറഞ്ഞു. എന്നാല്‍ ഈ അലഞ്ഞുതിരിയുന്ന ആത്മാവ് എപ്പോഴും നിലനില്‍ക്കും. അതൊരിക്കലും നിങ്ങളെ വിട്ടുപോകില്ല, മോദിയെ പരിഹസിച്ച് ശരദ് പവാര്‍ പറഞ്ഞു.
ഏപ്രിലില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി ശരദ് പവാറിനെ 'അലഞ്ഞുതിരിയുന്ന ആത്മാവ്' എന്ന് വിളിച്ച് പരിഹസിച്ചിരുന്നു.