/sathyam/media/media_files/rfDRdnhfizTcPRdSNAFo.jpg)
ഡൽഹി: ജാതീയ അധിക്ഷേപം ഉണ്ടാകാത്ത പക്ഷം, പരാതിക്കാരൻ പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപെട്ട വ്യക്തിയാണെന്നതുകൊണ്ട് മാത്രം എസ്‌സി-എസ്‌ടി പീഡന നിരോധന നിയമ പ്രകാരമുള്ള കുറ്റം ചുമത്താനാകില്ലെന്ന് സുപ്രീം കോടതി.
ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.
എംഎല്‍എ പി.വി ശ്രീനിജിനെതിരെ ഒരു ഓണ്‍ലൈന്‍ മാധ്യമം അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസാണ് സുപ്രീംകോടതി പരിഗണിച്ചത്. കേരള ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോയിലൂടെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് എംഎല്‍എയെ മനഃപൂര്‍വം അപമാനിച്ചുവെന്നാരോപിച്ചാണ് പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം കേസെടുത്തത്.
അപമാനത്തിനോ ഭീഷണിപ്പെടുത്തലിനോ വിധേയനായ വ്യക്തി പട്ടികജാതി- പട്ടികവര്‍ഗത്തില്‍ പെട്ടയാളാണെന്നതുകൊണ്ട് മാത്രം, നിയമത്തിലെ സെക്ഷന്‍ 3(1) പ്രകാരമുള്ള കുറ്റത്തിന് വിധേയമാകില്ലെന്ന് കോടതി പറഞ്ഞു.
പട്ടികജാതി- പട്ടികവര്‍ഗത്തില്‍ പെട്ട ഒരു വ്യക്തിയെ മനഃപൂര്‍വം അപമാനിക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ എല്ലാ കുറ്റങ്ങളും ജാതി അതിക്ഷേപത്തിന്റെ പരിധിയില്‍ വരില്ലെന്നും കോടതി വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us