/sathyam/media/media_files/9qhx61u5urSFckVN3uox.jpg)
ഡല്‍ഹി: സുരേഷ് ഗോപി കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റു. ശാസ്ത്രിഭവനില്‍ പെട്രോളിയം പ്രകൃതി വാതക വകുപ്പ് സഹമന്ത്രിയായാണ് സുരേഷ് ഗോപി ചുമതലയേറ്റത്. വകുപ്പിലെ ക്യാബിനറ്റ് മന്ത്രി ഹര്‍ദീപ് പുരിയുടെ സാന്നിധ്യത്തിലാണ് സുരേഷ് ഗോപി സഹമന്ത്രി സ്ഥാനമേറ്റത്. ടൂറിസം വകുപ്പിലും സഹമന്ത്രിയായി അദ്ദേഹം ഉടന്‍ സ്ഥാനമേല്‍ക്കും.
ചുമതലകള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. വകുപ്പിനെ നവീകരിക്കുമെന്നും ടൂറിസം മേഖലയില്‍ വലിയ മാറ്റം കൊണ്ടു വരാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചാവക്കാട് കണ്ടല്‍ ആയുര്‍വേദ ടൂറിസത്തിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അറിയപ്പെടാതെ കിടക്കുന്ന അത്തരം നിരവധി കേന്ദ്രങ്ങള്‍ വികസിപ്പിക്കുമെന്നും സുരേഷ് ഗോപി സൂചിപ്പിച്ചു.
വകുപ്പില്‍ മികച്ച പ്രവര്‍ത്തനം തന്നെ കാഴ്‌ച വക്കുമെന്ന ഉറപ്പും അദ്ദേഹം നൽകി. ടൂറിസം മേഖലയെ അടുത്ത പടിയിലേക്ക് ഉയർത്താനും ലോകത്തിന് അടുത്ത ദശാബ്‌ദത്തിന്‍റെ ടൂറിസം എന്താണെന്ന് മനസിലാക്കി കൊടുക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയേയും ക്യാബിനറ്റ് മന്ത്രിയേയും സഹായിക്കാന്‍ സഹമന്ത്രിയെന്ന നിലയില്‍ സാധ്യമായതെല്ലാം ചെയ്യും. പ്രധാനമന്ത്രി നല്‍കിയത് വലിയ ചുമതലയാണ്. തന്നെ തെരഞ്ഞെടുത്ത തൃശൂരിലെ വോട്ടര്‍മാരോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.