/sathyam/media/media_files/AtnUWfmU5V7QS31SpnZp.jpg)
ഡല്‍ഹി: രാജേന്ദ്ര നഗറിലെ റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിന്റെ ബേസ്‌മെന്റില്‍ അപ്രതീക്ഷിതമായി വെള്ളം ഇരച്ചു കയറി മരിച്ച മൂന്നു വിദ്യാര്‍ഥികളില്‍ മലയാളിയും.
ജെഎന്‍യുവിലെ ഗവേഷക വിദ്യാര്‍ഥിയായ എറണാകുളം സ്വദേശി നവീന്‍ ഡാല്‍വിനാണ് മരിച്ചത്. നവീനു പുറമേ ഉത്തര്‍പ്രദേശ്, തെലങ്കാന സ്വദേശികളായ രണ്ടു വിദ്യാര്‍ഥിനികളും മരിച്ചു. ഡല്‍ഹി പൊലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സംഭവത്തില്‍ കനത്ത പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ ആം ആദ്മി പാര്‍ട്ടിയുടെ എംപി സ്വാതി മലിവാളിനു നേരെ വിദ്യാര്‍ഥികള്‍ പ്രതിഷേധം ഉയര്‍ത്തി. സ്വാതിക്കെതിരെ 'ഗോ ബാക്ക്' മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.
കോച്ചിങ് സെന്ററില്‍ നടന്നത് അപകടമാണോ എന്ന് ആവര്‍ത്തിച്ചു ചോദിച്ച വിദ്യാര്‍ഥികളോട് അത് കൊലപാതമാണെന്ന് സ്വാതി പറഞ്ഞു. അപ്പോള്‍ കൊലപാതകത്തിന് ആരാണ് ഉത്തരവാദികള്‍ എന്ന് വിദ്യാര്‍ഥികള്‍ തിരിച്ചു ചോദിച്ചു.
മരണത്തിന്റെ ഉത്തരവാദിത്തം സംബന്ധിച്ച് വാക്കേറ്റം ഉയര്‍ന്നു. നിലവില്‍ സംഭവസ്ഥലത്ത് കുത്തിയിരിക്കുന്ന സ്വാതിയോട് വിദ്യാര്‍ഥികള്‍ സംസാരിക്കുകയാണ്.