ബൈക്ക് വാങ്ങാനെന്ന വ്യാജേന ഷോറൂമില്‍ പോയി, ടെസ്റ്റ് റൈഡിനെന്ന് വിശ്വസിപ്പിച്ച് ബൈക്കുമായി മുങ്ങി: യുവാവ് പിടിയില്‍

താന്‍ സാഹിലിന്റെ പിതാവല്ലെന്നും ഒരു ചായക്കച്ചവടക്കാരനാണെന്നും വൃദ്ധന്‍ വെളിപ്പെടുത്തി.

New Update
Agra man goes to showroom, takes bike for test ride

ആഗ്ര: ബൈക്ക് വാങ്ങാനെന്ന വ്യാജേന ഷോറൂമില്‍ എത്തി ടെസ്റ്റ് റൈഡിനെന്ന് വിശ്വസിപ്പിച്ച് ബൈക്കുമായി മുങ്ങിയ യുവാവ് പിടിയില്‍. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. 

Advertisment

ഷോറൂം ജീവനക്കാരെ കബളിപ്പിച്ചാണ് യുവാവ് ബൈക്കുമായി കടന്നത്. ഒരു ലക്ഷം രൂപ വിലയുള്ള സെക്കന്‍ഡ് ഹാന്‍ഡ് റേസിംഗ് മോട്ടോര്‍സൈക്കിള്‍ വാങ്ങുക എന്ന ഉദ്ദേശത്തോടെയാണ് പ്രതിയായ സാഹില്‍ നവംബര്‍ മൂന്നിന് കടയിലെത്തിയതെന്ന് ഷോറൂം ഉടമ പറഞ്ഞു.

വില ചര്‍ച്ച ചെയ്ത ശേഷം, പിതാവിനൊപ്പം മടങ്ങിയെത്താമെന്ന് പറഞ്ഞ് പോയ യുവാവ് താമസിയാതെ തന്റെ പിതാവെന്ന് പരിചയപ്പെടുത്തി ഒരു വൃദ്ധനുമായി മടങ്ങിയെത്തി.തുടര്‍ന്ന് ഷോറൂം ജീവനക്കാര്‍ മോട്ടോര്‍ സൈക്കിള്‍ ടെസ്റ്റ് റൈഡിനായി കൊണ്ടുപോകാന്‍ സാഹിലിനെ അനുവദിച്ചു.

സാഹിലിന് താക്കോല്‍ കൈമാറിയ ഉടന്‍ വൃദ്ധനെ ഷോറൂമില്‍ ഉപേക്ഷിച്ച് ഇയാള്‍ ബൈക്കുമായി മുങ്ങുകയായിരുന്നു. മണിക്കൂറുകള്‍ പിന്നിട്ടിട്ടും സാഹില്‍ തിരിച്ചെത്താതായപ്പോള്‍ ഷോറൂം ഉടമ സംശയം തോന്നി വൃദ്ധനോട് കാര്യങ്ങള്‍ തിരക്കി.

താന്‍ സാഹിലിന്റെ പിതാവല്ലെന്നും ഒരു ചായക്കച്ചവടക്കാരനാണെന്നും വൃദ്ധന്‍ വെളിപ്പെടുത്തി. സാഹില്‍ ചായ കുടിക്കാന്‍ പലപ്പോഴും തന്റെ കടയില്‍ വരാറുണ്ടെന്നും ചില 'പ്രധാനപ്പെട്ട ജോലികള്‍'ക്കായി തന്നോടൊപ്പം വരാന്‍ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം വിശദീകരിച്ചു.

കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ഷോറൂം ഉടമ ലോഹമണ്ടി പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നവംബര്‍ അഞ്ചിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു.

ഏതാനും ദിവസത്തെ അന്വേഷണത്തിനൊടുവില്‍ നവംബര്‍ 6 ന് സാഹില്‍ അറസ്റ്റിലായി, മോഷ്ടിച്ച മോട്ടോര്‍ സൈക്കിള്‍ ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു.

Advertisment