/sathyam/media/media_files/2024/10/17/7o7DdJeMMKUIU8Rn68Hz.jpg)
മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ ബാബ സിദ്ദിഖിയുടെ കൊലപാതകത്തില്‍ അന്വേഷണം അതിവേഗം പുരോഗമിക്കുന്നു. ബിഷ്ണോയി സംഘത്തിന്റെ രണ്ട് മൊഡ്യൂളുകള്‍ കൊലപാതകത്തില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന വിവരം.
ബാബ സിദ്ദിഖിയുടെ കൊലപാതകം നടത്തുന്നതിനായി പ്രതികള്‍ സെക്കന്‍ഡ് ഹാന്‍ഡ് ബൈക്ക് വാങ്ങി മുംബൈയില്‍ 25 ദിവസത്തോളം താമസിച്ച് ബാബ സിദ്ദിഖിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നു. ഒക്ടോബര്‍ 12ന് നിര്‍മല്‍ നഗറിലെ മകന്‍ സീഷാന്‍ സിദ്ദിഖിയുടെ ഓഫീസിന് പുറത്താണ് ബാബ സിദ്ദിഖി വെടിയേറ്റ് മരിച്ചത്.
ബൈക്ക് വാങ്ങുന്നതിനായി പ്രതി ശുഭം ലോങ്കറിന്റെ സഹോദരന്‍ മറ്റൊരു പ്രതിയായ ഹരീഷിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 60,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. പ്രതികള്‍ 25 ദിവസത്തോളം മുംബൈയിലായിരുന്നു.
ഇക്കാലയളവില്‍ ഇവര്‍ പലതവണ ഈ ബൈക്ക് റെയ്‌സിനായി ഉപയോഗിച്ചു. ഈ ബൈക്ക് ഉപയോഗിച്ചാണ് ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാന്‍ പദ്ധതിയിട്ടിരുന്നു.
എന്നാല്‍ ഒരു ദിവസം രണ്ട് ഷൂട്ടര്‍മാര്‍ക്ക് ഈ ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റു. അതിനാല്‍ ബൈക്കില്‍ കുറ്റകൃത്യം നടത്തുന്നത് അപകടമാണെന്ന് മനസ്സിലാക്കി ബൈക്ക് ഉപയോഗിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് കൊലപാതകം നടത്താനായി ഓട്ടോയില്‍ എത്തുകയായിരുന്നു. ഈ ബൈക്ക് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു.
സംഭവദിവസം പ്രതികള്‍ ഓരോ ഷര്‍ട്ട് വീതം അധികമായി കൊണ്ടുവന്നിരുന്നു. കൊലപാതകം നടത്തിയ ശേഷം ഐഡന്റിറ്റി മാറ്റാന്‍ ഈ ഷര്‍ട്ട് ധരിക്കാനായിരുന്നു പദ്ധതി. സംഭവത്തിന് ശേഷം മൂന്ന് ഷൂട്ടര്‍മാരില്‍ രണ്ട് പേര്‍ ഷര്‍ട്ട് മാറ്റി ധരിച്ചിരുന്നു.
കൊലയ്ക്ക് ഉപയോഗിച്ചത് മൂന്ന് പിസ്റ്റളുകളാണ്. മൂന്ന് ആയുധങ്ങളും പോലീസ് കണ്ടെടുത്തിരുന്നു.