/sathyam/media/media_files/uIfz6T2DgmC0sD0PxCyK.jpg)
മുംബൈ: എന്‍സിപി നേതാവ് ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്ണോയി സംഘം. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം സംഘം ഏറ്റെടുത്തത്.
സല്‍മാന്‍ ഖാനെ സഹായിക്കുന്നവര്‍ സ്വയം ജീവന്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്. ശനിയാഴ്ച രാത്രിയാണ് എന്‍സിപി നേതാവ് വെടിയേറ്റ് മരിച്ചത്. കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്.
ഒരു പ്രതി ഒളിവിലാണ്. കേസില്‍ അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ യുപിയില്‍ നിന്നും മറ്റൊരാള്‍ ഹരിയാനയില്‍ നിന്നുമാണ്.
കൊലപാതകത്തില്‍ മൂന്ന് പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. മൂന്ന് പേരില്‍ രണ്ട് പേര്‍ അറസ്റ്റിലായി. ഹരിയാനയില്‍ നിന്നുള്ള 23 കാരനായ ഗുര്‍മെല്‍ ബല്‍ജീത് സിംഗും ഉത്തര്‍പ്രദേശില്‍ നിന്നുള്ള 19 കാരനായ ധരംരാജ് കശ്യപും ഇവരില്‍ ഉള്‍പ്പെടുന്നു.
കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനായ നാലാമത്തെയാളും ഒളിവിലാണെന്നാണ് കരുതുന്നത്. കൊലപാതകത്തിന് പ്രതികള്‍ക്ക് 50,000 രൂപ വീതം അഡ്വാന്‍സ് നല്‍കിയിരുന്നതായും കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ആയുധങ്ങള്‍ എത്തിച്ചിരുന്നതായും പോലീസ് വെളിപ്പെടുത്തി.