/sathyam/media/media_files/aBm0RVcP3pgC4iNIe7Lq.jpg)
മുംബൈ: വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് മുംബൈ പോലീസ് ഇന്‍സ്‌പെക്ടര്‍ ദയാ നായക്. മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ ബാബ സിദ്ദിഖിയുടെ കൊലപാതകമാണ് കാരണം. ബാബ സിദ്ദിഖ് വധക്കേസ് മുംബൈ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. നിലവില്‍ മുംബൈ ക്രൈംബ്രാഞ്ച് മേധാവിയാണ് ദയാ നായക്.
മഹാരാഷ്ട്ര പോലീസില്‍ ഏറ്റുമുട്ടല്‍ വിദഗ്ധനായി വ്യക്തിമുദ്ര പതിപ്പിച്ച ഉദ്യോഗസ്ഥനാണ് ദയാ നായക്. അദ്ദേഹം തന്റെ ബാല്യകാലം കഴിഞ്ഞത് കടുത്ത ദാരിദ്ര്യത്തിലായിരുന്നു. കര്‍ണാടക സ്വദേശിയാണ്.
വീടിന്റെ സാമ്പത്തിക സ്ഥിതി മോശമായിരുന്നതിനാല്‍ ഏഴാം ക്ലാസ് വരെ കന്നഡ സ്‌കൂളില്‍ പഠിച്ച ശേഷം 1979-ല്‍ മുംബൈയിലെത്തി. ഇവിടെ ഒരു ഹോട്ടലില്‍ തൂപ്പുജോലി കിട്ടി. ദയയെ ബിരുദ പഠനം വരെ പഠിപ്പിച്ചത് ഹോട്ടല്‍ ഉടമയാണ്. ഇതിന് മുമ്പ് പ്ലംബര്‍ ജോലിയും ചെയ്തിരുന്നു.
1995ലാണ് ദയാ നായക് പോലീസില്‍ ചേരുന്നത്. ജുഹു പോലീസ് സ്റ്റേഷനിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പോസ്റ്റിംഗ്.
ഡിസംബര്‍ 31 ന് രാത്രി ദയ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സമയം ഛോട്ടാ രാജന്‍ സംഘത്തിലെ രണ്ട് സഹായികളെക്കുറിച്ച് വിവരം ലഭിച്ചു. ദയ ഇവരെ അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ ഇവര്‍ ദയയ്ക്ക് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ രണ്ട് ഗുണ്ടകളെയും ദയ കൊലപ്പെടുത്തി.
ദയയുടെ ആദ്യ ഏറ്റുമുട്ടലായിരുന്നു ഇത്. ഇതിനുശേഷം ഡിപ്പാര്‍ട്ട്മെന്റ് തന്നെ പിരിച്ചുവിടുമെന്ന് ദയ ഭയന്നു. ദയ ഇതുവരെ 87-ലധികം ഏറ്റുമുട്ടലുകള്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ദയയും നിരവധി തവണ വിവാദങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്. സ്‌കൂള്‍ തുറക്കാന്‍ ദാവൂദ് സംഘത്തില്‍ നിന്ന് പണം വാങ്ങിയെന്ന് 2003ല്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം ഇദ്ദേഹത്തിനെതിരെ മക്കോക്ക പ്രകാരം കേസെടുത്തു. എന്നാല്‍, പിന്നീട് അദ്ദേഹം നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ടു.
ഇതിന് പുറമെ അനധികൃത സ്വത്ത് സമ്പാദനക്കേസിലും കേസെടുത്തെങ്കിലും 2010ല്‍ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.