/sathyam/media/media_files/WJRm7YxZzCIYt2uQ8WZf.jpg)
മുംബൈ: മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ ബാബ സിദ്ദിഖിന്റെ കൊലപാതകത്തില്‍ ലോറന്‍സ് ബിഷ്ണോയി സംഘത്തിന്റെ പങ്കാളിത്തം അന്വേഷിച്ച് മുംബൈ പോലീസ്.
ലോറന്‍സ് ബിഷ്‌ണോയിയുടെ കൂട്ടാളികളില്‍ നിന്ന് ഭീഷണി നേരിടുന്ന ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനുമായി ബാബ സിദ്ദിഖിന് അടുത്ത ബന്ധമാണ് ഉള്ളത്. കൊല്ലപ്പെട്ട ഗായകന്‍ സിദ്ധു മൂസ്വാലയുടെ അതേ ഗതി സല്‍മാനും നേരിടേണ്ടിവരുമെന്നാണ് ബിഷ്‌ണോയി സംഘം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഏപ്രില്‍ 14ന് സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ ഗാലക്സി അപ്പാര്‍ട്ട്മെന്റിന് പുറത്ത് രണ്ട് പേര്‍ര്‍ അഞ്ച് റൗണ്ട് വെടിയുതിര്‍ത്തിരുന്നു.
സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ വസതിക്ക് പുറത്ത് വെടിയുതിര്‍ക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്നോയ് ഷൂട്ടര്‍മാരായ വിക്കി ഗുപ്ത, സാഗര്‍ പാല്‍ എന്നിവരുമായി ആശയവിനിമയം നടത്തിയിരുന്നതായി മുംബൈ പോലീസ് വെളിപ്പെടുത്തിയിരുന്നു.
നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഇരുവരും സിഗ്‌നല്‍ ആപ്പ് വഴിയാണ് ബിഷ്ണോയിയുമായി സംസാരിച്ചതെന്നും പോലീസ് പറഞ്ഞു.
സല്‍മാന്‍ ഖാനെ സംഘം ഭീഷണിപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ബാബ സിദ്ദിഖ് ആശങ്ക പ്രകടിപ്പിച്ചിരുന്നു, സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിലും ഇദ്ദേഹമാണ് മുന്നില്‍ നിന്നിരുന്നത്. ഈ സാഹചര്യത്തിലാണ് ബാബ സിദ്ദിഖിന്റെ കൊലപാതകത്തില്‍ ബിഷ്‌ണോയ് സംഘത്തെ പൊലീസ് സംശയിക്കുന്നത്.
ശനിയാഴ്ച രാത്രി 9.30 ഓടെ മകന്റെ ഓഫീസിന് പുറത്ത് മുംബൈയിലെ ഖേര്‍ നഗറില്‍ വെച്ച് മൂന്ന് പേര്‍ ചേര്‍ന്ന് ബാബ സിദ്ദിഖിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ലീലാവതി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.