/sathyam/media/media_files/bTry5yIwXIns9uJ4YBO3.jpg)
മുംബൈ: ബാബ സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നാലെ പ്രതികളില്‍ ഒരാളുടെ ഫോണില്‍ നിന്ന് മകന്‍ സീഷാന്‍ സിദ്ദിഖിന്റെ ഫോട്ടോ കണ്ടെത്തി.
മഹാരാഷ്ട്ര മുന്‍ മന്ത്രിയായ ബാബ സിദ്ദിഖ് (66) ഒക്ടോബര്‍ 12 ന് രാത്രിയാണ് മുംബൈയിലെ ബാന്ദ്ര ഏരിയയിലെ എംഎല്‍എ മകന്‍ സീഷന്‍ സിദ്ദിഖിന്റെ ഓഫീസിന് പുറത്ത് വെടിയേറ്റ് മരിച്ചത്.
സ്നാപ്ചാറ്റിലൂടെയാണ് പ്രതികള്‍ക്ക് ഈ ചിത്രം സംഭവത്തിലെ സൂത്രധാരന്‍ പങ്കുവെച്ചതെന്ന് മുംബൈ പോലീസ് അറിയിച്ചു. വെടിയുതിര്‍ത്തവരും ഗൂഢാലോചന നടത്തിയവരും വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ സ്‌നാപ്ചാറ്റ് ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.
അതേസമയം, ബാബ സിദ്ദിഖ് വധക്കേസിലെ പ്രതികള്‍ക്ക് തോക്കുകളും ലോജിസ്റ്റിക്കല്‍ പിന്തുണയും നല്‍കിയതിന് അഞ്ച് പേരെ കൂടി വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതായി മുംബൈ പോലീസ് പറഞ്ഞു. കേസില്‍ ഇപ്പോള്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പത് ആയി, മൂന്ന് പ്രധാന വ്യക്തികള്‍ ഒളിവിലാണ്.
അറസ്റ്റിലായ അഞ്ച് പ്രതികളും ഗൂഢാലോചനക്കാരനായ ശുഭം ലോങ്കര്‍, സൂത്രധാരന്‍ മുഹമ്മദ് സീഷന്‍ അക്തര്‍ എന്നിവരുമായി ബന്ധപ്പെട്ടിരുന്നതായും ഇരുവരും ഇപ്പോള്‍ ഒളിവിലാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.