മുംബൈ: രാജ് താക്കറെയെ ഉദ്ധവ് താക്കറെ പിന്നില്‍ നിന്നും കുത്തിയതു മൂലമാണ് ഇരുനേതാക്കളും തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണമെന്ന് അവകാശപ്പെട്ട് മുതിര്‍ന്ന നേതാവ് ബാല നന്ദഗോങ്കര്‍.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ എംഎന്‍എസ് സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാജ് താക്കറെ അറിയിച്ചു.
2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണയ്ക്കുകയും സംസ്ഥാനത്ത് ബിജെപി നേതൃത്വത്തിലുള്ള മഹായുതി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നടത്തുകയും ചെയ്തിരുന്നു.
ബിജെപിയുമായുള്ള എംഎന്‍എസ് സഖ്യം ഇപ്പോള്‍ അടഞ്ഞ അധ്യായമാണെന്ന് ബാല നന്ദഗോങ്കര്‍ പറഞ്ഞു. അവിഭക്ത ശിവസേനയില്‍ നിന്ന് പിരിഞ്ഞ് 2006ല്‍ എംഎന്‍എസ് സ്ഥാപിച്ച രാജ് താക്കറെ 2014ല്‍ മോദിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തെ പരസ്യമായി പിന്തുണച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം മോദിയുടെ കടുത്ത വിമര്‍ശകനായി.
ഉദ്ധവ് താക്കറെ എല്ലായ്പ്പോഴും രാജ് താക്കറെയെ പിന്നില്‍ നിന്ന് കുത്തിയിരുന്നുവെങ്കിലും രാജ് താക്കറെ എപ്പോഴും സൗഹാര്‍ദ്ദപരമായ ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കാറുണ്ടായിരുന്നുവെന്ന് ബാല നന്ദ്ഗോങ്കര്‍ പറഞ്ഞു.
ബാല താക്കറെയുടെ യഥാര്‍ത്ഥ ആശയത്തെ പ്രതിനിധീകരിക്കുന്നതിനാല്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയ്ക്കും ഉദ്ധവ് താക്കറെയ്ക്കും രാജ് താക്കറെയോട് അസൂയയാണെന്നും ബാല നന്ദഗോങ്കര്‍ പറഞ്ഞു.