ബാങ്ക് ജീവനക്കാർക്ക് സന്തോഷവാർത്ത: ശമ്പളം കൂടും, 17 ശതമാനത്തിന്റെ വർധന

New Update
bank

മുംബൈ: ബാങ്ക് ജീവനക്കാരുടെ ശമ്പളം 17 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനം. രാജ്യത്തെ ബാങ്കുകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ബാങ്കിംഗ് അസോസിയേഷനും (ഐബിഎ)  ജീവനക്കാരുടെ സംഘടനയായ യുണൈറ്റ് ഫോറം ഓഫ് ബാങ്ക് യൂണിയനും അടുത്ത അഞ്ചുവര്‍ഷത്തേക്കുളള ശമ്പളവര്‍ധന ധാരണാ പത്രം ഒപ്പിട്ടു. 2022 നവംബര്‍ 1 മുതല്‍ മുന്‍കാല പ്രാബല്യത്തില്‍ ശമ്പളവര്‍ധന ലഭിക്കും. 

Advertisment

2021-22 സാമ്പത്തികവര്‍ഷത്തെ ബാങ്കുകളുടെ മൊത്തം ശമ്പളച്ചെലവില്‍ 17 ശതമാനം വര്‍ധന വരുത്താനാണ് ധാരണ. അടിസ്ഥാന ശമ്പളത്തില്‍ മൂന്നുശതമാനം വര്‍ധനയാണ് നടപ്പാക്കുക.

ഇതോടൊപ്പം 1986 -നുശേഷം വിരമിച്ച എല്ലാവര്‍ക്കും പെന്‍ഷന്‍ പരിഷ്‌കരിക്കാനും ബാങ്കുകള്‍ സമ്മതമറിയിച്ചു. അടിസ്ഥാന ശമ്പളത്തിലെയും അലവന്‍സുകളിലെയും വര്‍ധന സംബന്ധിച്ച് അന്തിമതീരുമാനം ആറുമാസത്തിനകമുണ്ടാകുമെന്നും ധാരണാപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ പൊതുമേഖല ബാങ്കുകള്‍ക്കും കൂടി 12,449 കോടി രൂപയുടെ അധിക ബാധ്യതയാണ് നേരിടേണ്ടിവരിക.

ക്ഷമബത്ത ആനൂകൂല്യം 2022 ഒക്ടോബര്‍ 31ലുള്ള അടിസ്ഥാന ശമ്പളത്തോട് ലയിപ്പിച്ച ശേഷം അധികമായി മൂന്ന് ശതമാനം വര്‍ധിപ്പിച്ചാണ് പുതുക്കിയ ശമ്പള സ്‌കെയില്‍ നിശ്ചയിച്ചിരിക്കുന്നത്. 

സമാനമായി 2022 ഒക്ടോബര്‍ വരെയുള്ള പൊതുമേഖല ബാങ്കുകളുടെ പെന്‍ഷന്‍കാര്‍ക്ക്, നിലവിലെ പെന്‍ഷന്‍ തുകയോടൊപ്പം പ്രതിമാസം ഒരു അധിക ആനുകൂല്യം കൂടി നല്‍കാനും ധാരണയായി. അധിക ആനുകൂല്യം എത്ര തുകയെന്നത് സംബന്ധിച്ച് ഇനിയും തീരുമാനമാകേണ്ടതുണ്ട്.

ശമ്പള വര്‍ധനവുമായി ബന്ധപ്പെട്ട കരാറില്‍ ബാങ്ക് ജീവനക്കാരുടെ പ്രവര്‍ത്തിസമയം ആഴ്ചയില്‍ അഞ്ച് ദിവസമായി ചുരുക്കാനും ശുപാര്‍ശയുണ്ട്. ഞായറാഴ്ചയ്‌ക്കൊപ്പം എല്ലാ ശനിയാഴ്ചകളിലും അവധി നല്‍കാനാണ് ശുപാര്‍ശ. കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്.

Advertisment