മുംബൈ: അഹമ്മദാബാദില്‍ വീടുകളില്‍ വിതരണം ചെയ്യുന്ന പ്രകൃതി വാതകത്തില്‍ ഗ്രീന്‍ ഹൈഡ്രജന്‍ കലര്‍ത്തി അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ്. ഈ നീക്കം ബഹിര്‍ഗമനം കുറയ്ക്കുമെന്നും നെറ്റ് സീറോ എമിഷന്‍ എന്ന ഇന്ത്യയുടെ ലക്ഷ്യത്തെ പിന്തുണയ്ക്കുമെന്നുമാണ് അവകാശവാദം.
അഹമ്മദാബാദിലെ ശാന്തിഗ്രാമില്‍ പൈപ്പ് വഴിയുള്ള പ്രകൃതിവാതകവുമായി 2.2-2.3 ശതമാനം ഗ്രീന്‍ ഹൈഡ്രജന്‍ കലര്‍ത്താന്‍ തുടങ്ങിയതായി കമ്പനി അറിയിച്ചു.
ഹരിതഗൃഹ വാതക ഉദ്വമനം കുറയ്ക്കുക, ഊര്‍ജ സുരക്ഷ വര്‍ദ്ധിപ്പിക്കുക, സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
ഏകദേശം 4,000 ഗാര്‍ഹിക വാണിജ്യ ഉപഭോക്താക്കള്‍ക്ക് പാചകത്തിനായി ഈ ഹൈഡ്രജന്‍ കലര്‍ന്ന വാതകം ലഭിക്കും. പ്രകൃതിവാതക പൈപ്പ് ലൈനുകളിലേക്ക് ഹൈഡ്രജന്‍ കുത്തിവയ്ക്കുകയാണ് രീതി. ഇത് പ്രകൃതിവാതകവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞ ഉദ്വമനത്തോടെ താപം സൃഷ്ടിക്കുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഹൈഡ്രജന്‍ മിശ്രിതം ക്രമേണ 5 ശതമാനമായും പിന്നീട് 8 ശതമാനമായും ഉയര്‍ത്താനാണ് അദാനി ടോട്ടല്‍ ഗ്യാസ് പദ്ധതിയിടുന്നത്.
ഒടുവില്‍, ഈ പദ്ധതി ശാന്തിഗ്രാമിന് അപ്പുറം അഹമ്മദാബാദിന്റെ മറ്റ് ഭാഗങ്ങളിലേക്കും സിറ്റി ഗ്യാസ് ലൈസന്‍സ് ഉള്ള പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.