/sathyam/media/media_files/bSVKTpNWXNzZegOSGI91.jpg)
മുംബൈ; ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ കൊല്ലാന്‍ ബിഷ്ണോയി സംഘം ആധുനിക ആയുധങ്ങള്‍ സ്വന്തമാക്കാന്‍ പദ്ധതിയിട്ടതായി വെളിപ്പെടുത്തി പൊലീസിന്റെ കുറ്റപത്രം. സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ പ്രതികള്‍ക്ക് 25 ലക്ഷം രൂപയുടെ കരാറാണ് ലഭിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ജയിലില്‍ കഴിയുന്ന ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തിലെ പ്രതികള്‍ സല്‍മാന്‍ ഖാനെ കൊല്ലാന്‍ ആധുനിക ആയുധങ്ങള്‍ സ്വന്തമാക്കാന്‍ പദ്ധതിയിട്ടിരുന്നതായും നവി മുംബൈ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
ഏപ്രില്‍ 14 ന് മുംബൈയിലെ ബാന്ദ്രയിലെ സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് മോട്ടോര്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ ഒന്നിലധികം തവണ വെടിയുതിര്‍ത്തിരുന്നു. സല്‍മാന്‍ ഖാനെ പന്‍വേലിലെ ഫാം ഹൗസിന് സമീപത്തുവെച്ച് ആക്രമിക്കാന്‍ സംഘം പദ്ധതിയിട്ടിരുന്നു.
വിദേശത്ത് നിന്ന് ആയുധങ്ങള്‍ എത്തിക്കാനാണ് സംഘം പദ്ധതിയിട്ടിരുന്നത്. 2022ല്‍ പഞ്ചാബി ഗായകന്‍ സിദ്ധു മൂസ്വാലയെ വെടിവെച്ചുകൊന്ന തുര്‍ക്കി നിര്‍മിത സിഗാന പിസ്റ്റള്‍ ഉപയോഗിച്ച് നടനെ കൊലപ്പെടുത്താനായിരുന്നു സംഘത്തിന്റെ ഉദ്ദേശ്യമെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
നടനെ ആക്രമിച്ചതായി പറയപ്പെടുന്ന M16, AK-47, AK-92 റൈഫിളുകള്‍ വാങ്ങുന്നതിനായി പാകിസ്ഥാനിലെ ഒരു ആയുധ ഇടപാടുകാരനുമായി ബന്ധപ്പെട്ടിരുന്നതായി പ്രതികളിലൊരാള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
സല്‍മാന്‍ ഖാന്റെ വീടിന് പുറത്ത് നടന്ന വെടിവെയ്പ്പുമായി ബന്ധപ്പെട്ട് ലോറന്‍സ് ബിഷ്ണോയിയും ഇളയ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയിയും ഉള്‍പ്പെടെ 17 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ലോറന്‍സ് ബിഷ്ണോയി ഇപ്പോള്‍ അഹമ്മദാബാദിലെ സബര്‍മതി ജയിലിലാണ്.