/sathyam/media/media_files/N0YD9tPIKjphqTyxR6Uc.jpg)
മുംബൈ: മദ്യപിച്ചെത്തി പ്രായപൂര്‍ത്തിയാകാത്ത മകന്റെ വായില്‍ പേപ്പര്‍ ബോള്‍ തിരുകി കൊലപ്പെടുത്തി പിതാവ്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. ഒമ്പത് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ 59 കാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവ സമയത്ത് പ്രതി മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കുറ്റകൃത്യത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. വഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവും ഭാര്യയും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും കുട്ടി അമ്മയ്ക്കൊപ്പമാണ് താമസിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.
തിങ്കളാഴ്ച വീട്ടില്‍ നിന്ന് കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ കുട്ടിയെ പിതാവിന്റെ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തി. കുട്ടിയുടെ വായില്‍ പേപ്പര്‍ ബോള്‍ തിരുകിയ നിലയിലായിരുന്നു. മൂക്കില്‍ നിന്ന് രക്തം ഒഴുകുന്നതായും കണ്ടെത്തി. ഭാര്യ വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയതിന് ശേഷം പ്രതി അമിതമായി മദ്യപിച്ചിരുന്നതായി അന്വേഷണത്തില്‍ സൂചന ലഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.