ഡല്‍ഹി : മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊതു സംഭാവനകള്‍ സ്വീകരിക്കാന്‍ എന്‍സിപി ശരദ് പവാര്‍ വിഭാഗത്തിന് അനുമതി നല്‍കി തെരഞ്ഞെടുപ്പ് കമ്മിഷന്‍. പൊതുജനങ്ങളില്‍ നിന്ന് സ്വമേധയ സംഭാവനകള്‍ സ്വീകരിക്കണമെന്ന ആവശ്യം കമ്മിഷന്‍ അംഗീകരിക്കുകയായിരുന്നു.
ജനപ്രാതിനിധ്യത്തിലെ സെക്ഷന്‍ 29 ബി, സെക്ഷന്‍ 29 സി എന്നിവയ്ക്ക് അനുസൃതമായി 'ഒരു സര്‍ക്കാര്‍ കമ്പനി ഒഴികെയുള്ള ഏതെങ്കിലും വ്യക്തിയോ കമ്പനിയോ സ്വമേധയ വാഗ്ദാനം ചെയ്യുന്ന സംഭാവനകള്‍ സ്വീകരിക്കാന്‍' 2024 ജൂലൈ 8-ന് ഇസിഐ പാര്‍ട്ടിക്ക് അധികാരം നല്‍കി.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പാര്‍ട്ടി പിളര്‍ന്നതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശരദ് പവാര്‍ വിഭാഗത്തിന് 'തുട്ടാരി' (കാഹളം മുഴക്കുന്ന മനുഷ്യന്‍) ചിഹ്നം അനുവദിച്ചിരുന്നു.
സംസ്ഥാനത്ത് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് അവകാശപ്പെട്ട് ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് തയ്യാറാവണമെന്ന് ശരദ് പവാര്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
പൂനെയിലെ ഓഫിസില്‍ 25-ാം സ്ഥാപക ദിനം ആഘോഷിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.