വസായ് ഫൈൻ ആർട്സ് സൊസൈറ്റി അവാർഡുകൾ ഡോ. കെ വി അബ്ദുൽ നാസർ, രാജീവ് കെ രാജൻ, കരിയന്നൂർ നാരായണൻ നമ്പൂതിരി, കോട്ടക്കൽ രവി, ചെറുശ്ശേരി കുട്ടൻ മാരാർ എന്നിവർക്ക്

ഓരോ വർഷവും, കല, സാഹിത്യം, സംഗീതം, ടൂറിസം, പരസ്യം മേഖലകളിൽ മികച്ച സംഭാവന നൽകുന്നവരെ കണ്ടെത്തുകയും ആദരിക്കുകയും ചെയ്യുന്നതിന് ഏർപ്പെടുത്തിയതാണ് വസായ് ഫൈൻ ആർട്സ് സൊസൈറ്റി അവാർഡുകൾ.

New Update
1001446239

മുംബൈ: കലയുടെയും സംസ്കാരത്തിൻ്റെയും സംരക്ഷണത്തിനും പ്രോത്സാഹനത്തിനും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പ്രഗൽഭ വ്യക്തികളെ ആദരിക്കുയെന്ന ലക്ഷ്യത്തോടെ മഹാരാഷ്ട്രയിലെ വസായ് ഫൈൻ ആർട്സ് സൊസൈറ്റി നൽകി വരുന്ന വാർഷിക അവാർഡുകൾ പ്രഖ്യാപിച്ചു.   

Advertisment

ഇത്തവണ വസായ് അവാർഡുകൾ സ്വന്തമാക്കിയവർ ഇവരാണ്: അക്ബർ ഗ്രൂപ്പ് ഓഫ് കമ്പനീസ് സാരഥി ഡോ. കെ വി അബ്ദുൾ നാസർ, യുവ സംരംഭകൻ രാജീവ് കെ രാജൻ, കേരളത്തിലെ പ്രശസ്ത താളവാദ്യ കലാകാരന്മാരായ കരിയന്നൂർ നാരായണൻ നമ്പൂതിരി, കോട്ടക്കൽ രവി, ചെറുശ്ശേരി കുട്ടൻ മാരാർ.

ഡിസം. 3 മുതൽ 7 വരെ വസായ് വെസ്റ്റിലെ ശ്രീ അയ്യപ്പ ക്ഷേത്ര പ്രാർത്ഥനാ മണ്ഡപത്തിൽ നടക്കുന്ന വസായ് ഫൈൻ ആർട്സ് സാംസ്കാരിക ആഘോഷത്തിൽ വെച്ച് അവാർഡുകൾ സമ്മാനിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

  അതിനോടനുബന്ധിച്ച് ക്ലാസിക്കൽ, സമകാലിക നൃത്ത പ്രകടനങ്ങൾ, സംഗീത കച്ചേരികൾ, പ്രാദേശിക കലാ പ്രദർശനങ്ങൾ എന്നിവ അരങ്ങേറും.

ട്രാവൽ, ടൂറിസം മേഖലകളിലെ സ്തുത്യർഹമായ സേവനവും അർപ്പണബോധവുമാണ് അബ്ദുൽ നാസറിനെ സൊസൈറ്റിയുടെ "കരുണ" അവാർഡിന് അർഹനാക്കിയത്. രാജ്യത്തുടനീളമുള്ള സാംസ്കാരിക, സാമൂഹിക സംരംഭങ്ങൾക്ക് ദീർഘകാലമായി അക്ബർ ഗ്രൂപ്പ് നൽകിവരുന്ന പിന്തുണ വ്യാപകമായി പ്രശംസിക്കപ്പെട്ടതാണെന്ന് അവാർഡുകൾ പ്രഖ്യാപിച്ചു കൊണ്ടുള്ള വസായ് ഫൈൻ ആർട്സ് പ്രസ്താവന എടുത്തുപറഞ്ഞു.

  ഗ്രൂപ്പിന് പിന്നിലെ പ്രേരകശക്തി എന്ന നിലയിൽ അബ്ദുൾ നാസർ എണ്ണമറ്റ യുവ പ്രൊഫഷണലുകൾക്കും കുടുംബങ്ങൾക്കും പ്രചോദനമാണെന്നും പ്രസ്താവന തുടർന്നു.

പരസ്യ മേഖലയിൽ, സർഗ്ഗാത്മക കാഴ്ചപ്പാട്, പ്രതിബദ്ധത, കഠിനാധ്വാനം എന്നിവയിലൂടെ മികച്ച നേട്ടങ്ങൾ കൈവരിച്ച ഒരു വിശിഷ്ട ദേശീയ തല പ്രൊഫഷണൽ ആണ് രാജീവ് കെ രാജണ് എന്നും സൊസൈറ്റി വിവരിച്ചു.

പരസ്യ രംഗത്തെ നേട്ടങ്ങൾ കണക്കിലെടുത്താണ് രാജീവ് കെ രാജന് സൊസൈറ്റിയുടെ "യുവ സംരംഭക" അവാർഡ്.

  കരിയന്നൂർ നാരായണൻ നമ്പൂതിരി (തിമില), കോട്ടക്കൽ രവി (മദ്ദളം), ചെറുശ്ശേരി കുട്ടൻ മാരാർ (ചെണ്ട) എന്നിവർ സൊസൈറ്റിയുടെ "ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ്" ആണ് നേടിയത്. അറിയപ്പെട്ട ഈ കലാകാരന്മാർ പതിറ്റാണ്ടുകളുടെ സമർപ്പണത്തിലൂടെയും കലാപരമായ മികവിലൂടെയും കേരളത്തിന്റെ പരമ്പരാഗത താളവാദ്യ പൈതൃകത്തെ സമ്പന്നമാക്കിയതായി വസായ് ഫൈൻ ആർട്സ് സൊസൈറ്റി ചൂണ്ടിക്കാട്ടി.

ഓരോ വർഷവും, കല, സാഹിത്യം, സംഗീതം, ടൂറിസം, പരസ്യം മേഖലകളിൽ മികച്ച സംഭാവന നൽകുന്നവരെ കണ്ടെത്തുകയും ആദരിക്കുകയും ചെയ്യുന്നതിന് ഏർപ്പെടുത്തിയതാണ് വസായ് ഫൈൻ ആർട്സ് സൊസൈറ്റി അവാർഡുകൾ.

Advertisment