/sathyam/media/media_files/0Eal6kEFewW200gMU9Do.jpg)
മുംബൈ: മഹാരാഷ്ട്രയിലെ പൂനെയില്‍ ഭക്ഷണം നിഷേധിച്ചെന്നാരോപിച്ച് മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ ഹോട്ടല്‍ കെട്ടിടത്തിലേക്ക് ലോറി ഇടിച്ചുകയറ്റി. വെള്ളിയാഴ്ചയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങളിപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സോളാപുരില്‍നിന്ന് പുണെയിലേക്കുള്ള യാത്രയ്ക്കിടെ ലോറി ഡ്രൈവര്‍ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. എന്നാൽ ഹോട്ടലുടമ ഇയാൾക്ക് ഭക്ഷണം നൽകിയില്ലായെന്നാണ് ആരോപണം.
ഇതിൽ പ്രകോപിതനായ ഡ്രൈവർ വാഹനത്തിൽ കയറി ഹോട്ടലിലേക്ക് ലോറി ഇടിച്ചുകയറ്റുകയായിരുന്നു. മദ്യലഹരിയിലാണ് ഇയാൾ ഈ പരാക്രമം നടത്തിയത്. മാത്രമല്ല, ഹോട്ടലിന് മുൻപിലുണ്ടായിരുന്ന ഒരു കാറിലും ഇയാൾ ലോറിയിടിപ്പിച്ചു. ഇതുകണ്ട് നിന്നവർ ലോറിക്ക് നേരെ കല്ലെറിഞ്ഞും ബഹളം വെച്ചും ഡ്രൈവറെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
അവസാനം മുൻപിലേക്ക് പോകാൻ കഴിയാതായതോടെ ഇയാൾ ലോറി നിർത്തുകയായിരുന്നു. സംഭവത്തിൽ ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.