/sathyam/media/media_files/ckmEJ4WXFvgbM3kx8ZX5.jpg)
മുംബൈ: വിവാദ ഐഎഎസ് പ്രൊബേഷണര്‍ പൂജ ഖേദ്കറുടെ അമ്മ മനോരമ ഖേദ്കറെ ഭൂമി തര്‍ക്ക കേസില്‍ പൊലീസ് കസ്റ്റഡിയില്‍.
ഭൂമി തര്‍ക്കത്തിന്റെ പേരില്‍ തോക്ക് കാട്ടി ചിലരെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് പൂജ ഖേദ്കറുടെ അമ്മ മനോരമ ഖേദ്കറെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ മഹദില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് പൂനെ പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഭൂമി തര്‍ക്കത്തിന്റെ പേരില്‍ ചിലരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് മനോരമയ്ക്കും ഭര്‍ത്താവ് ദിലീപ് ഖേദ്കറിനും വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചിരുന്നു.
പോലീസ് ഖേദ്കര്‍ ദമ്പതികള്‍ക്കും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ ഭാരതീയ ന്യായ് സന്‍ഹിത വകുപ്പുകളും ആയുധ നിയമത്തിലെ പ്രസക്തമായ വകുപ്പുകളും പ്രകാരം കേസെടുത്തിരുന്നു.
റായ്ഗഡ് ജില്ലയിലെ മഹാദില്‍ നിന്ന് മനോരമ ഖേദ്കറെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൂനെയില്‍ എത്തിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അറസ്റ്റ് ചെയ്യുമെന്നും പൂനെ റൂറല്‍ പോലീസ് സൂപ്രണ്ട് പങ്കജ് ദേശ്മുഖ് പറഞ്ഞു.
മനോരമയെയും അവരുടെ ഭര്‍ത്താവിനെയും കേസില്‍ പ്രതികളായ മറ്റ് അഞ്ച് പേരെയും കണ്ടെത്താന്‍ ഒന്നിലധികം സംഘങ്ങള്‍ രൂപീകരിച്ചിരുന്നു.