ഡല്‍ഹി: വിമാനക്കമ്പനികള്‍ക്ക് വ്യാജ ബോംബ് ഭീഷണികള്‍ അയച്ച് രാജ്യവ്യാപകമായി പരിഭ്രാന്തി പരത്തിയ 35 കാരനായ എഴുത്തുകാരന്‍ പിടിയില്‍.
കോളുകളിലൂടെയും ഇമെയിലുകളിലൂടെയുമാണ് ഇയാള്‍ വിമാനക്കമ്പനികള്‍ക്ക് വ്യാജ ബോംബ് ഭീഷണികള്‍ അയച്ചിരുന്നത്. നാഗ്പൂരില്‍ നിന്നുള്ള എഴുത്തുകാരന്‍ ജഗദീഷ് യുകെയാണ് പൊലീസ് പിടിയിലായത്.
ഗോണ്ടിയ സ്വദേശിയാണ് ജഗദീഷ്. തീവ്രവാദത്തെക്കുറിച്ചുള്ള ഒരു പുസ്തകം യുകെ എഴുതിയിരുന്നുവെന്നും ഇത് ആമസോണില്‍ ലഭ്യമാണെന്നും നാഗ്പൂര്‍ പോലീസ് ഡിസിപി ലോഹിത് മതാനി പറഞ്ഞു.
വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ അയക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും ലാപ്ടോപ്പും പോലീസ് പിടിച്ചെടുത്തു.
യുകെയുടെ ഭീഷണികള്‍ക്ക് യഥാര്‍ത്ഥത്തില്‍ തീവ്രവാദവുമായി ബന്ധമില്ലെന്നും ശ്രദ്ധ പിടിച്ചുപറ്റാന്‍ ലക്ഷ്യമിട്ടുള്ള ഒരു പബ്ലിസിറ്റി സ്റ്റണ്ടാണെന്നുമമാണ് പോലീസ് പറയുന്നത്.
ജനുവരി മുതല്‍ വിവിധ സ്ഥലങ്ങളില്‍ ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട് നിരവധി ഇമെയിലുകള്‍ ഇയാള്‍ അയച്ചിരുന്നു, ഒക്ടോബര്‍ 25 നും ഒക്ടോബര്‍ 30 നും ഇടയില്‍ മാത്രം ഇന്ത്യയിലെ 30 സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്തുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായി പറയപ്പെടുന്നു.
കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയും സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.