മുംബൈ: മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കാണാതായ ഷിന്‍ഡെ വിഭാഗം എംഎല്‍എ ശ്രീനിവാസ് വംഗ 36 മണിക്കൂറിന് ശേഷം കുടുംബവുമായി ബന്ധപ്പെട്ടെന്ന് റിപ്പോര്‍ട്ട്.
പുലര്‍ച്ചെ മൂന്ന് മണിയോടെ തന്റെ ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തിയതെന്നും അദ്ദേഹം കുടുംബവുമായി കുറച്ചുനേരം കൂടിക്കാഴ്ച നടത്തിയെന്നും വിശ്രമം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഉടന്‍ മടങ്ങിയെന്നും എംഎല്‍എ ശ്രീനിവാസ് വംഗയുടെ ഭാര്യ സുമന്‍ വംഗ പറഞ്ഞു.
രണ്ട് ദിവസത്തേക്ക് അദ്ദേഹം വിട്ടുനില്‍ക്കുമെന്നാണ് കരുതുന്നത്. ചൊവ്വാഴ്ച ആരോടും പറയാതെ വീടുവിട്ടിറങ്ങിയ അദ്ദേഹം എല്ലാ ആശയവിനിമയങ്ങളും വിച്ഛേദിച്ചിരുന്നു.
വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കാണാതായ എംഎല്‍എയ്ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിരുന്നു.
നിയമസഭാ സീറ്റില്‍ നിന്നുള്ള നിലവിലെ എംഎല്‍എയായ വംഗയെ മാറ്റിനിര്‍ത്തി പാല്‍ഘര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി മുന്‍ എംപി രാജേന്ദ്ര ഗാവിറ്റിന്റെ പേരാണ് ഷിന്‍ഡെ വിഭാഗം പ്രഖ്യാപിച്ചത്. ഇതില്‍ നിരാശനായാണ് എംഎല്‍എ വീടു വിട്ടത്.