മുംബൈ: പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദുക്കളെ ഭിന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും സമൂഹത്തെ വിഷലിപ്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങളെ വോട്ട് ബാങ്കായി മാത്രമാണ് കോണ്‍ഗ്രസ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയില്‍ 7,600 കോടി രൂപയുടെ പദ്ധതികള്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്യവെയാണ് ഹരിയാനയിലെ ബിജെപിയുടെ വിജയത്തെ മോദി പരാമര്‍ശിച്ചത്.
പിന്നാക്ക വിഭാഗങ്ങളും ദളിതരും ബിജെപിക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ എല്ലാ ഗൂഢാലോചനകളും പരാജയപ്പെട്ടു.
ദളിത് സംവരണം തങ്ങളുടെ വോട്ട് ബാങ്കിലേക്ക് പോയെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞു. അവര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു, എന്നാല്‍ ആരാണ് അവര്‍ക്ക് കുറഞ്ഞ താങ്ങുവില നല്‍കിയത്? അര്‍ബന്‍ നക്സലൈറ്റുകളുടെ ലക്ഷ്യത്തില്‍ നിന്ന് കര്‍ഷകര്‍ രക്ഷപ്പെട്ടു.
കോണ്‍ഗ്രസ് നിരുത്തരവാദപരമായ പാര്‍ട്ടിയാണെന്നും മോദി പറഞ്ഞു. വെറുപ്പിന്റെ രാഷ്ട്രീയമാണ് അവര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരിക്കുന്ന മഹായുതി സര്‍ക്കാരിനെ വീണ്ടും തിരഞ്ഞെടുക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.