പരസ്യ ബോര്‍ഡ് തകര്‍ന്നുവീണ് 16 പേര്‍ മരിച്ച സംഭവം; പരസ്യ കമ്പനി ഉടമ ഭാവേഷ് ഭിന്‍ഡെ അറസ്റ്റില്‍

New Update
40d4-8048-92103040aa88_ad.jpg

മുംബൈ: പരസ്യ ബോര്‍ഡ് തകര്‍ന്നുവീണ് 16 പേര്‍ മരിച്ച സംഭവത്തില്‍ പരസ്യ കമ്പനി ഉടമ അറസ്റ്റില്‍. സംഭവത്തില്‍ ഇഗോ മീഡിയ കമ്പനി ഉടമ ഭാവേഷ് ഭിന്‍ഡെയാണ് രാജസ്ഥാനിലെ ഉദയ്പുരില്‍ വെച്ച് അറസ്റ്റിലായത്. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തിലടക്കം 20 കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിയവേയാണ് അറസ്റ്റ്. മനപ്പൂര്‍വമല്ലാത്ത നരഹത്യ, പീഡനം തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണ്.

സംഭവം നടന്നയുടനെ ഫോണ്‍ ഓഫ് ചെയ്ത് ഭാവേഷ് ഭിന്‍ഡെ നാടുവിടുകയായിരുന്നു. തിങ്കളാഴ്ചയായിരുന്നു ഘാട്‌കോപ്പറിലെ പെട്രോള്‍ പമ്പിനു മുകളില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് വീണുള്ള ദുരന്തം. മുംബൈ കോര്‍പറേഷന്റെ ഗുരുതരമായ അലംഭാവമാണ് അപകടത്തിനു പിന്നിലെന്ന് വ്യാപക ആക്ഷേപമുണ്ട്. 120 അടി വലുപ്പമുള്ള പരസ്യബോര്‍ഡ് അനുമതിയില്ലാതെ സ്ഥാപിച്ച ഭാവേഷ് ഭിന്‍ഡെ മുന്‍പും ഒട്ടേറെ ചട്ടലംഘനങ്ങള്‍ നടത്തിയിട്ടുണ്ട്.

എന്നാല്‍, ഒരു നടപടിയുമെടുത്തില്ല. ചട്ടം ലംഘിച്ച് പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചതിന് 21 തവണ പിഴ ഈടാക്കിയിട്ടുണ്ടെന്നു പറഞ്ഞ് അപകടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് ബിഎംസി ശ്രമിക്കുന്നത്. ദുരന്തത്തില്‍ മരിച്ച വ്യക്തികളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്കു ചികിത്സാസഹായവും സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Advertisment
Advertisment