പുനെ അപകടം: 17കാരനെ 'രക്ഷിക്കാനായി' രക്തസാമ്പിള്‍ റിപ്പോര്‍ട്ടില്‍ കൃത്രിമം നടത്തി; രണ്ടു ഡോക്ടര്‍മാര്‍ അറസ്റ്റില്‍

New Update
1425458-pune.webp

മുംബൈ: പുനെയില്‍ മദ്യലഹരിയില്‍ 17കാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ച കേസില്‍ രണ്ടു ഡോക്ടര്‍മാര്‍ അറസ്റ്റില്‍. 17കാരനെ രക്ഷിക്കാനായി രക്തസാമ്പിള്‍ റിപ്പോര്‍ട്ടില്‍ കൃത്രിമം നടത്തി എന്ന ആരോപണത്തിലാണ് നടപടി. പുനെ സസൂണ്‍ ജനറല്‍ ആശുപത്രി ഫൊറന്‍സിക് മേധാവിയെയും മറ്റൊരു ഡോക്ടറെയുമാണ് പുനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

Advertisment

17കാരന്‍ ഓടിച്ച കാര്‍ ഇടിച്ച് 24 വയസുള്ള രണ്ട് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാര്‍ ആണ് മരിച്ചത്. രാത്രിയില്‍ 17കാരന്‍ മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്ന് ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു എന്നതാണ് കേസ്. ആല്‍ക്കഹോളിന്റെ അംശം 17കാരന്റെ ശരീരത്തില്‍ ഇല്ലെന്നതായിരുന്നു തുടക്കത്തിലെ രക്തസാമ്പിള്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ കൃത്രിമം നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നടപടി.

ഡോ. ജയ് തവാഡെ, ഡോക്ടര്‍ ഹരി ഹാര്‍നോര്‍ എന്നിവരെയാണ് പുനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പുനെയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഫോറന്‍സിക് ലാബിന്റെ തലവനാണ് ഡോ തവാഡെ. രണ്ട് ഡോക്ടര്‍മാരുടെയും ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. സംഭവദിവസം ഡോ. തവാഡെയും പ്രതിയുടെ പിതാവും ഫോണില്‍ സംസാരിച്ചിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Advertisment