ഗഡ്ചിരോളി: മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു.
നക്സലൈറ്റുകളുടെ പെരിമിലി ദളത്തിൽപ്പെട്ട ചില അംഗങ്ങൾ കട്രംഗട്ട ഗ്രാമത്തിലെ വനത്തിൽ തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
പെരിമിലി ദളത്തിന്റെ ചുമതലക്കാരനും കമാൻഡറുമായ വാസുവാണ് കൊല്ലപ്പെട്ടവരിൽ ഒരാളെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് സൂപ്രണ്ട് നീലോൽപൽ പറഞ്ഞു.
ഗഡ്ചിരോളി ജില്ല പൊലീസിന്റെ പ്രത്യേക വിങ്ങായ സി-60 കമാൻഡോകളുടെ രണ്ട് യൂനിറ്റാണ് നക്സലൈറ്റുകളുമായി ഏറ്റുമുട്ടിയത്. തിരച്ചിലിനിടെ ഇവർ വെടിയുതിർക്കുകയായിരുന്നുവെന്നും ഇതിന് തിരിച്ചടി നൽകുമ്പോഴാണ് മൂന്നുപേർ കൊല്ലപ്പെട്ടതെന്നും എസ്.പി പറഞ്ഞു