/sathyam/media/media_files/1NzfM0NRERzCAej22yWk.jpg)
മുംബൈ: മുംബൈയില്‍ എന്‍സിപി നേതാവ് ബാബാ സിദ്ധിഖിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അക്രമികള്‍ ലക്ഷ്യം വച്ചത് ബാബ സിദ്ദിഖിനെ മാത്രമല്ല എംഎല്‍എയായ മകന്‍ സീഷാനെയും കൊലപ്പെടുത്താന്‍ ഇവര്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ബാബ സിദ്ദിഖിനെയും എംഎല്‍എയായ മകന്‍ സീഷാന്‍ സിദ്ദിഖിനെയും ലക്ഷ്യമിടാനായിരുന്നു ഷൂട്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചതെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ശനിയാഴ്ച രാത്രിയാണ് മകന്‍ സീഷന്റെ ഓഫീസിന് പുറത്ത് മുംബൈയിലെ ബാന്ദ്രയിലെ ഖേര്‍ നഗറില്‍ എന്‍സിപി നേതാവ് ബാബാ സിദ്ധിഖ് മൂന്ന് അക്രമികളുടെ വെടിയേറ്റ് മരിച്ചത്. ഉടന്‍ തന്നെ അദ്ദേഹത്തെ ലീലാവതി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
സംഭവദിവസം പിതാവ് എത്തുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പാണ് സീഷന്‍ ഓഫീസില്‍ നിന്ന് പോയത്. ഇതാണ് ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷപ്പെടാന്‍ കാരണമായതെന്നും പൊലീസ് പറയുന്നു.
ബാബ സിദ്ദിഖിനോടും മകന്‍ സീഷാനോടും ബന്ധപ്പെട്ട സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തുന്നതിന് പ്രതികള്‍ ദിവസവും ബാന്ദ്രയില്‍ വരാറുണ്ടായിരുന്നുവെന്നും ഓട്ടോ റിക്ഷകള്‍ ഉപയോഗിച്ചായിരുന്നു ഇവരുടെ സഞ്ചാരമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംഭവ ദിവസം ബാബ സിദ്ദിഖും മകനും ഒരേ സ്ഥലത്തുണ്ടെന്ന് മനസ്സിലാക്കിയാണ് പ്രതികള്‍ എത്തിയത്. അച്ഛന്റെയും മകന്റെയും ലൊക്കേഷനെക്കുറിച്ചുള്ള വിവരങ്ങള്‍ ചിലര്‍ പ്രതികള്‍ക്ക് രഹസ്യമായി കൈമാറുകയായിരുന്നുവെന്നും പൊലീസ് സംശയിക്കുന്നുണ്ട്.